മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകാൻ ടോട്ടൻഹാം പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിന് തൊട്ടു മുൻപ് വരെ കോണ്ടെ കാത്തിരുന്നു

Haroon Rasheed
Tottenham Hotspur v Vitesse: Group A - UEFA Europa Conference League
Tottenham Hotspur v Vitesse: Group A - UEFA Europa Conference League / Visionhaus/GettyImages
facebooktwitterreddit

ഇറ്റാലിയന്‍ പരിശീലകന്‍ അന്റോണിയോ കോണ്ടെ ടോട്ടന്‍ഹാമില്‍ പരിശീലകന്റെ റോള്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷ്യാറെ പുറത്താക്കാന്‍ കാത്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. മോശം ഫോമിലൂടെ കടന്ന് പോയിരുന്ന യുണൈറ്റഡ് സോള്‍ഷ്യാറെ പുറത്താക്കുന്നതിന് വക്കിലെത്തിയിരുന്നു. പ്രീമിയര്‍ ലീഗില്‍ സ്വന്തം മൈതാനത്ത് ലിവര്‍പൂളിനോട് എതിരില്ലാത്ത അഞ്ചു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ ക്ലബ് സോള്‍ഷ്യാറെ പുറത്താക്കുമെന്ന രീതിയില്‍ വാര്‍ത്തയുണ്ടായിരുന്നു.

സോള്‍ഷ്യാറെ പുറത്താക്കുകയാണെങ്കില്‍ പരിശീലകന്റെ റോളില്‍ യുണൈറ്റഡിലെത്താനായിരുന്നു കോണ്ടെയുടെ തീരുമാനം. അതിന് വേണ്ടി അവസാന നിമിഷംവരെ കോണ്ടെ കാത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സ്പര്‍സിലെത്തുന്നതിനേക്കാള്‍ കോണ്ടെക്ക് താല്‍പര്യം യുനൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതായിരുന്നു. അതിന് വേണ്ടിയാണ് അവസാന മിനുട്ട് വരെ കാത്തിരുന്നത്. ദ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലിവര്‍പൂളിനോട് പരാജയം രുചിച്ചെങ്കിലും ടോട്ടനത്തിനെതിരേയുള്ള മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം സ്വന്തമാക്കിയതോടെ സോള്‍ഷ്യാര്‍ക്ക് പുതുജീവന്‍ ലഭിക്കുകയായിരുന്നു.

ഒരുപക്ഷെ ക്ലബിന്റെ സ്ഥിതി ഇനിയും മെച്ചപ്പെട്ടില്ലെങ്കിൽ യുണൈറ്റഡ് സോള്‍ഷ്യാറുടെ കാര്യത്തില്‍ തീരുമാനമെടുത്തേക്കും. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റർ ഡര്‍ബിയില്‍ സിറ്റിക്കെതിരെയുള്ള മത്സരഫലം പരിശീലകന് നിർണായകമാണ്.

അതേ സമയം, കഴിഞ്ഞ സമ്മറിൽ തന്നെ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ടോട്ടനം കോണ്ടെയെ സമീപിച്ചിരുന്നു. എന്നാൽ, അന്ന് അതിന് തയ്യാറാവാതിരുന്ന കോണ്ടെ, മോശം ഫോമിനെ തുടർന്ന് നൂനോ സാന്റോയെ പുറത്താക്കിയതിന് പിന്നാലെയാണ് ടോട്ടൻഹാം പരിശീലകസ്ഥാനത്തേക്കെത്തിയത്.


facebooktwitterreddit