അർടെട്ട ഒരുപാട് പരാതി പറയുന്നു, സ്വന്തം ടീമിനെ ശ്രദ്ധിക്കാൻ ഉപദേശിച്ച് അന്റോണിയോ കോണ്ടെ


ആഴ്സണലും ടോട്ടനവും തമ്മിൽ ഇന്നലെ രാത്രി നടന്ന പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം റഫറിയിങ്ങിനെക്കുറിച്ച് പരാതി പറഞ്ഞ ആഴ്സണൽ പരിശീലകൻ മൈക്കൽ അർടെട്ട സ്വന്തം ടീമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദ്ദേശവുമായി ടോട്ടനം പരിശീലകൻ അന്റോണിയോ കോണ്ടെ. മത്സരം തോറ്റതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള അവസരം ആഴ്സണൽ നഷ്ടപെടുത്തിയിരുന്നു.
ഹാരി കേൻ നേടിയ ഇരട്ടഗോളുകളും ഹ്യുങ് മിൻ സോണിന്റെ ഗോളും ടോട്ടനത്തിനു എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നൽകിയത്. മത്സരത്തിന്റെ മുപ്പത്തിമൂന്നാം മിനുട്ടിൽ തന്നെ റോബ് ഹോൾഡിങ് ചുവപ്പുകാർഡ് നേടി പുറത്തു പോയത് ടോട്ടനത്തിനു കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തു. മത്സരത്തിനു ശേഷം റഫറിയാണ് ആഴ്സനലിന്റെ കളിയെ തകർത്തു കളഞ്ഞതെന്നും കൂടുതൽ സംസാരിച്ചാൽ തനിക്ക് സസ്പെൻഷൻ ലഭിക്കുമെന്നും അർടെട്ട പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കോണ്ടെ.
"He complains a lot!" ?
— Mirror Football (@MirrorFootball) May 12, 2022
Antonio Conte's scathing comments on Mikel Arteta after north London derby ?https://t.co/VzcNGiT7j6 pic.twitter.com/tr26CqpErN
"അദ്ദേഹം ഒരുപാട് പരാതി പറയുന്നു. അർടെട്ട തന്റെ ടീമിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കണം. അദ്ദേഹം വളരെ മികച്ചതായതു കൊണ്ടു തന്നെ ജോലിയിൽ തുടരണം. എല്ലാ സമയത്തും ഒരാൾ പരാതി പറയുന്നത് ഒട്ടും നല്ല കാര്യമല്ല. ലിവർപൂളിൽ ഫാബിന്യോയെയും താരത്തിന്റെ ഫൗളുകളെ കുറിച്ചും ഞാൻ പരാതി പറയുന്നത് കേൾക്കാറുണ്ടോ? ഇല്ല. താരത്തിന് എന്റെ നിർദ്ദേശം വേണമെങ്കിൽ സ്വീകരിക്കാം, പക്ഷെ അങ്ങനെയല്ലെങ്കിൽ ഞാനത് ശ്രദ്ധിക്കില്ല." കോണ്ടെ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയ ടോട്ടനത്തിനു പ്രീമിയർ ലീഗിൽ രണ്ടു മത്സരങ്ങൾ ശേഷിക്കെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാമെന്ന പ്രതീക്ഷ വന്നിട്ടുണ്ട്. ഇപ്പോൾ നാലാം സ്ഥാനത്തുള്ള ആഴ്സണലുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിലാണ് ടോട്ടനം അഞ്ചാം സ്ഥാനത്തു നിൽക്കുന്നത്. ഇനി ബാക്കിയുള്ള രണ്ടു മത്സരങ്ങളിലും വിജയിക്കുകയും ആഴ്സണൽ ഒരെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്താൽ ടോട്ടനത്തിനു ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.