Tottenham Hotspur News

ടോട്ടനത്തിലേക്ക് ഇനിയും താരങ്ങളെത്തുമെന്ന സൂചനകൾ നൽകി അന്റോണിയോ കോണ്ടെ

Sreejith N
Antonio Conte Hints Tottenham Will Sign More Players
Antonio Conte Hints Tottenham Will Sign More Players / David Rogers/GettyImages
facebooktwitterreddit

പുതിയ പ്രീമിയർ ലീഗ് സീസണു മുന്നോടിയായി ടീമിനെ അഴിച്ചു പണിയുകയാണ് ടോട്ടനം ഹോസ്‌പർ പരിശീലകൻ അന്റോണിയോ കോണ്ടെ. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അഞ്ചു താരങ്ങളെ സ്വന്തമാക്കിയ ടോട്ടനം ഇനിയും ട്രാൻസ്‌ഫറുകൾ നടത്തുമെന്ന സൂചന നൽകിയതിലൂടെ അടുത്ത സീസണിൽ ടീമിനെ ഏറ്റവും മികച്ച രീതിയിൽ ഒരുക്കാനാണ് താൻ തയ്യാറെടുക്കുന്നതെന്ന് കോണ്ടെ വ്യക്തമാക്കുന്നു.

ഇവാൻ പെരിസിച്ച്, ഫ്രേസർ ഫോസ്റ്റർ, യവ്സ് ബീസൂമ, റിച്ചാർലിസൺ, ക്ലെമന്റ് ലെങ്ലെറ്റ് എന്നീ താരങ്ങളെയാണ് നിലവിൽ ടോട്ടനം ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്. പ്രീ സീസൺ മത്സരങ്ങൾക്കായി ടോട്ടനം ഹോസ്‌പർ ടീമിനൊപ്പം സൗത്ത് കൊറിയയിലുള്ള കോണ്ടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇനിയും ടീമിൽ സൈനിംഗുകൾ ഉണ്ടാകുമെന്നു വ്യക്തമാക്കിയത്.

"അതെ, ഞങ്ങൾ അഞ്ചു താരങ്ങളെ സ്വന്തമാക്കി. ആശയങ്ങൾ വളരെ കൃത്യമായിരിക്കുമ്പോൾ ട്രാൻസ്‌ഫർ ജാലകത്തിൽ താരങ്ങളെ സ്വന്തമാക്കുക എളുപ്പമാണ്. പൊസിഷനെക്കുറിച്ചും ടീമിലെ ചുമതലകളെക്കുറിച്ചും ഞങ്ങൾക്ക് ധാരണയുള്ളതിനാൽ എവിടെയൊക്കെ മെച്ചപ്പെടുത്തണമെന്നാഗ്രഹിച്ചോ അതു ഞങ്ങൾ ചെയ്‌തു."

"ടോട്ടനം ഈ ട്രാൻസ്‌ഫർ ജാലകത്തിൽ വളരെ നന്നായി ജോലി ചെയ്‌തുവെന്നാണ് ഞാൻ കരുതുന്നത്. താരങ്ങളെ വളരെ വേഗത്തിൽ നേടുകയെന്നത് ഓരോ പരിശീലകനെ സംബന്ധിച്ചും വളരെ പ്രധാനമാണ്. കാരണം അവരോടൊപ്പം ജോലി ചെയ്യാനും ആശയങ്ങൾ പകർന്നു നൽകാനും സമയം ലഭിക്കും. അഞ്ചു താരങ്ങളെ വേഗത്തിൽ ടീമിലെത്തിച്ചത് വളരെ നല്ല കാര്യമാണ്."

"ഇനിയെന്തുണ്ടാകുമെന്ന് നമുക്ക് നോക്കാം. അവസരം ലഭിച്ചാൽ സ്‌ക്വാഡിനെ കൂടുതൽ കരുത്തുറ്റതാക്കാൻ ഞങ്ങൾ ശ്രമിക്കും. എണ്ണത്തിന്റെ കാര്യത്തിലും സ്‌ക്വാഡ് മെച്ചപ്പെടുത്താനുണ്ട്. നാല് ടൂർണമെന്റുകളിൽ കളിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്, എണ്ണം കൊണ്ടും ഗുണം കൊണ്ടും മികച്ചൊരു സ്‌ക്വാഡ് തന്നെ അതിനു വേണം." കോണ്ടെ പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit