പോച്ചട്ടിനോക്കു പകരക്കാരനായി പിഎസ്ജി പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് അന്റോണിയോ കോണ്ടെ


വരുന്ന സീസണിൽ മൗറീസിയോ പോച്ചട്ടിനോക്കു പകരക്കാരനായി പിഎസ്ജി പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ഇറ്റാലിയൻ പരിശീലകൻ അന്റോണിയോ കോണ്ടെ. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്പറിനെ പരിശീലിപ്പിക്കുന്ന കോണ്ടെ താൻ ഫ്രാൻസിലെത്തുമെന്ന അഭ്യൂഹങ്ങൾ വ്യാജവാർത്തകളാണെന്ന് വ്യക്തമാക്കി.
പിഎസ്ജി ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ചതിനു പിന്നാലെയാണ് പോച്ചട്ടിനോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. നിരവധി സൂപ്പർതാരങ്ങൾ ടീമിനൊപ്പം ഉണ്ടായിട്ടും ഈ സീസണിൽ ക്ലബ്ബിനെ മികച്ച പ്രകടനത്തിലേക്ക് നയിക്കാൻ കഴിയാതിരുന്നതിനാൽ പോച്ചട്ടിനോയെ പിഎസ്ജി ഒഴിവാക്കുമെന്നും അതിനു പകരക്കാരനാവാൻ കോണ്ടെ സന്നദ്ധതയറിയിച്ചു എന്നുമായിരുന്നു റിപ്പോർട്ടുകൾ.
? "Fake news!"
— Sky Sports Premier League (@SkySportsPL) April 29, 2022
Tottenham's Antonio Conte shuts down rumours linking him to the PSG job ❌pic.twitter.com/42lGbZME89
"അതൊരു നല്ല വാർത്തയാണ്, കാരണം മറ്റു ക്ലബുകൾ എന്റെ ജോലിയെ അഭിനന്ദിക്കുന്നുണ്ടെന്നാണ് അതിന്റെ അർത്ഥം. അതൊരു കാര്യമാണ്. പക്ഷെ പ്രശ്നങ്ങളുണ്ടാക്കാൻ വേണ്ടി മാത്രം സംസാരിച്ച് ആളുകൾ വാർത്തകൾ സൃഷ്ടിക്കുന്നത് എനിക്കിഷ്ടമല്ല. ഇതു ശരിയായ കാര്യമല്ല, ഇതിലുൾപ്പെട്ട ക്ലബുകൾക്കും അതിലെ താരങ്ങൾക്കും എനിക്കും ഇതു നീതി നൽകുന്നില്ല." കോണ്ടെ മാധ്യമങ്ങളോട് പറഞ്ഞു.
"ഞങ്ങൾ ഇനിയുള്ള അഞ്ചു മത്സരങ്ങളിൽ മികച്ച ഫലം ലഭിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതുപോലത്തെ സാഹചര്യങ്ങളുണ്ടാകുമ്പോൾ എനിക്ക് ചിരി വരുന്നു. അതിനു പുറമെ ഇതേക്കുറിച്ച് പറയാൻ ആഗ്രഹമുള്ള ആളുകൾ ഇതിനുള്ളിൽ ഉൾപ്പെടുന്ന വ്യക്തികളോട് ബഹുമാനം കാണിക്കണമെന്നും വ്യാജവാർത്തകൾ സൃഷ്ടിക്കരുതെന്നും നുണകൾ പറയരുതെന്നും ആവശ്യപ്പെടുന്നു." കോണ്ടെ വ്യക്തമാക്കി.
കഴിഞ്ഞ നവംബറിലാണ് നുനോ എസ്പിരിറ്റോ സാന്റോക്ക് പകരക്കാരനായി അന്റോണിയോ കോണ്ടെ ടോട്ടനം പരിശീലകനായി സ്ഥാനമേറ്റെടുത്തത്. ഇടയ്ക്കു വെച്ച് ടീം മോശം ഫോമിലേക്ക് വീണെങ്കിലും ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള ടീം അഞ്ചു മത്സരങ്ങൾ ശേഷിക്കെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ പൊരുതുകയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.