Football in Malayalam

ക്രിസ്റ്റ്യൻ റൊമേരോയുടെ പരിക്കു ഗുരുതരമെന്നു സ്ഥിരീകരിച്ച് അന്റോണിയോ കോണ്ടെ

Sreejith N
Argentina v Brazil - FIFA World Cup Qatar 2022 Qualifier
Argentina v Brazil - FIFA World Cup Qatar 2022 Qualifier / Daniel Jayo/GettyImages
facebooktwitterreddit

ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന പ്രതിരോധതാരമായ ക്രിസ്റ്റ്യൻ റൊമേരോക്കു പരിക്കേറ്റത് ഗുരുതരമാണെന്നു സ്ഥിരീകരിച്ച് താരത്തിന്റെ ക്ലബായ ടോട്ടനം ഹോസ്‌പറിന്റെ മാനേജർ അന്റോണിയോ കോണ്ടെ. എന്നാൽ മുൻ അറ്റലാന്റ താരം എത്ര മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരുമെന്ന കാര്യത്തിൽ അദ്ദേഹത്തിനു ധാരണയില്ല.

ബ്രസീലും അർജന്റീനയും സമനിലയിൽ പിരിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ പരിക്കു പറ്റിയതിനെ തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ റൊമേരോ പിൻവലിക്കപ്പെട്ടിരുന്നു. അതിനു ശേഷം പ്രീമിയർ ലീഗിൽ ലീഡ്‌സ് യുണൈറ്റഡുമായി നടന്ന മത്സരത്തിൽ താരം കളിച്ചിരുന്നില്ല.

"ഞങ്ങൾ മറ്റൊരു സ്‌കാനിങ് ഫലത്തിനു കൂടി കാത്തിരിക്കയാണ്. സത്യസന്ധമായി പറയുകയാണെങ്കിൽ താരത്തിന്റെ പരിക്ക് കുറച്ചു ഗുരുതരമാണെന്നാണ് ഞാൻ കരുതുന്നത്. അതിൽ നിന്നും മുക്തനാവാൻ എത്ര സമയം വേണ്ടി വരുമെന്നറിയില്ല. മറ്റൊരു സ്‌കാനിങ് കൂടി കഴിഞ്ഞതിനു ശേഷം ഡോക്ടർക്ക് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയും." അദ്ദേഹം പറഞ്ഞു.

റൊമേരോയുടെ അഭാവം കോണ്ടേയുടെ 3-4-3 ഫോർമേഷനെ ബാധിക്കും എന്നുറപ്പാണെങ്കിലും ജനുവരി ട്രാൻസ്ഫറുകളെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ കാര്യങ്ങളെപ്പറ്റി മാത്രമാണ് താൻ ചിന്തിക്കുന്നതെന്നും മുഴുവൻ സ്‌ക്വാഡിനെയും വിലയിരുത്തിയതിനു ശേഷമേ കൂടുതൽ തീരുമാനങ്ങൾ എടുക്കൂവെന്നും ഇറ്റാലിയൻ പരിശീലകൻ വ്യക്തമാക്കി.

അതേസമയം ലോകകപ്പ് യോഗ്യത നേടിയ അർജന്റീനയെ സംബന്ധിച്ച് റൊമേരോയുടെ പരിക്ക് അത്രയധികം ആശങ്ക ഉയർത്തുന്ന കാര്യമല്ല. പ്രതിരോധത്തിൽ പുതിയ താരങ്ങളെ ഇറക്കാൻ ഇതു സ്‌കലോണിക്ക് വഴി തുറക്കും.

facebooktwitterreddit