കോണ്ടെയെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടു വരാൻ ന്യൂകാസിൽ യുണൈറ്റഡിന്റെ പുതിയ ഉടമസ്ഥർക്ക് താല്പര്യം; നീക്കം തുടങ്ങി

By Gokul Manthara
FC Internazionale Milano v Udinese Calcio - Serie A
FC Internazionale Milano v Udinese Calcio - Serie A / Mattia Ozbot/GettyImages
facebooktwitterreddit

പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായി അന്റോണിയോ കോണ്ടെയെ കൊണ്ടു വരാൻ ക്ലബ്ബിന്റെ പുതിയ ഉടമസ്ഥർക്ക് താല്പര്യമെന്ന് സൂചന. കോണ്ടെയെ പരിശീലകനായി കൊണ്ടു വരുന്നത് സംബന്ധിച്ച് ക്ലബ്ബിന്റെ പുതിയ ഉടമസ്ഥരുമായി ബന്ധപ്പെട്ട കക്ഷികൾ ഇറ്റാലിയൻ പരിശീലകനെ സമീപിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ‌.

കഴിഞ്ഞ ദിവസം സൗദി അറേബ്യൻ കൺസോർഷ്യം ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് പിന്നാലെ ക്ലബ്ബ് പരിശീലക സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കാൻ സാധ്യതയുണ്ടെന്ന് അവരുടെ ഇപ്പോളത്തെ പരിശീലകനായ സ്റ്റീവ് ബ്രൂസ് തുറന്ന് പറഞ്ഞിരുന്നു. ക്ലബ്ബിൽ തുടരാൻ തനിക്ക് താല്പര്യമുണ്ടെങ്കിലും ഉടമസ്ഥരുടെ പദ്ധതികൾ നടപ്പിലാക്കാൻ അവർക്ക് പുതിയ പരിശീലകനെ ആവശ്യമായി വന്നേക്കാമെന്നായിരുന്നു ബ്രൂസ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കോണ്ടെയെ ക്ലബ്ബിന്റെ പരിശീലകനായി കൊണ്ടു വരാനുള്ള പുതിയ ഉടമസ്ഥരുടെ താല്പര്യം പുറത്ത് വന്നിരിക്കുന്നത്.

എന്നാൽ ഇക്കഴിഞ്ഞ സമ്മറിൽ ഇന്റർമിലാന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ അന്റോണിയോ കോണ്ടെ ഇത്ര പെട്ടെന്ന് പരിശീലക വേഷത്തിലേക്ക് തിരിച്ചു വരാൻ താല്പര്യപ്പെടുന്നില്ലെന്നാണ് സൂചനകൾ‌. ഒരു പുതിയ ക്ലബ്ബിൽ ചേരാൻ ഉചിതമായ സമയമാണിതെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ലെന്നാണ് 90Min കരുതുന്നത്‌. അതിനാൽ കോണ്ടെയെ പരിശീലക സ്ഥാനത്തേക്ക് കൊ‌ണ്ടു വരാനുള്ള ന്യൂകാസിലിന്റെ പുതിയ ഉടമസ്ഥരുടെ നീക്കങ്ങൾ ഫലം കാണുമോയെന്ന് കണ്ടു തന്നെ അറിയേണ്ടി വരും.

അതേ സമയം നിലവിൽ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായ ഗരത് സൗത്ത്ഗേറ്റിനേയും ന്യൂകാസിൽ യുണൈറ്റഡിന്റെ പുതിയ ഉടമസ്ഥർ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് 90Min മനസിലാക്കുന്നത്. എന്നാൽ കുറഞ്ഞത് 12 മാസത്തേക്കെങ്കിലും അദ്ദേഹം ലഭ്യമാകില്ലെന്നതിനാൽ ഈ നീക്കവും ഇപ്പോൾ നടക്കാനുള്ള സാധ്യതയില്ല.

facebooktwitterreddit