Football in Malayalam

അർജന്റീന-ബ്രസീൽ മത്സരം നിയന്ത്രിച്ച രണ്ടു റഫറിമാർക്ക് അനിശ്ചിതകാലത്തേക്ക് സസ്‌പെൻഷൻ

Sreejith N
Argentina v Brazil - FIFA World Cup Qatar 2022 Qualifier
Argentina v Brazil - FIFA World Cup Qatar 2022 Qualifier / Marcos Brindicci/GettyImages
facebooktwitterreddit

അർജന്റീനയും ബ്രസീലും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യത മത്സരം നിയന്ത്രിച്ച രണ്ടു റഫറിമാരെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്‌ത്‌ കോൺമെബോൾ. മത്സരത്തിൽ ബ്രസീലിയൻ താരം റഫിന്യയെ അർജന്റീന ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി ഫൗൾ ചെയ്‌ത സംഭവത്തിൽ റഫറിമാർ എടുത്ത തീരുമാനത്തിൽ പാകപ്പിഴ സംഭവിച്ചതിനെ തുടർന്നാണ് കോൺമെബോളിന്റെ തീരുമാനം.

മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനുട്ടിലാണ് ബോക്‌സിനു തൊട്ടു വെളിയിൽ വെച്ച് ബ്രസീലിയൻ താരം ഫൗളിനിരയായത്. ഒട്ടമെൻഡി മുട്ടുകൊണ്ട് ഇടിച്ചതിനെ തുടർന്ന് താരത്തിന്റെ മുഖത്തു നിന്നും ചോര വാർന്നെങ്കിലും മത്സരം നിയന്ത്രിച്ച റഫറിയായ ആന്ദ്രെസ് കുന്യയും വീഡിയോ അസിസ്റ്റന്റായ എസ്തബാൻ ഓസ്‌റ്റോഹിച്ചും ഒട്ടമെൻഡിക്കെതിരെ വീഡിയോ പരിശോധിച്ച് നടപടി എടുത്തില്ലെന്നതാണ് സസ്‌പെൻഡ് ചെയ്യാൻ കാരണമായത്.

അതൊരു മഞ്ഞക്കാർഡിനുള്ള ഫൗളാണെന്നും ചുവപ്പുകാർഡ് അർഹിക്കുന്നതായി കരുതുന്നില്ലെന്നും ഓസ്‌റ്റോഹിച്ച് പ്രധാന റഫറിയായ കുന്യയോട് പറയുന്നത് കോൺമെബോൾ പുറത്തുവിട്ട വിഎആർ ഓഡിയോയിൽ വ്യക്തമാണ്. എന്നാൽ അർജന്റീന താരത്തിനു കാർഡൊന്നും നൽകാതെ മത്സരം വീണ്ടും ആരംഭിക്കുകയാണ് കുന്യ ചെയ്‌തത്‌. ഇതു മത്സരത്തിനു ശേഷം വളരെയധികം വിവാദങ്ങൾ ഉയർത്തിയിരുന്നു.

കോൺമെബോൾ പുറത്തിറക്കിയ പ്രസ്‌താവനയിൽ രണ്ടു റഫറിമാരും വളരെ ഗുരുതരമായ പിഴവു വരുത്തിയെന്നും അനിശ്ചിതകാലത്തേക്ക് രണ്ടു റഫറിമാരും മത്സരങ്ങൾ നിയന്ത്രിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ റെഡ്ബുൾ ബ്രഗാന്റിനോയും അത്ലറ്റികോയും തമ്മിൽ ശനിയാഴ്‌ച നടക്കാനിരിക്കുന്ന കോപ്പ സുഡാമേരിക്കാനോ ഫൈനലിലെ വിഎആർ റഫറി സ്ഥാനം കുന്യക്ക് നഷ്‌ടമാകും.

അതേസമയം ഒട്ടമെൻഡിക്കെതിരെ നടപടിയെടുക്കാൻ ഫിഫയെ സമീപിക്കുമെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും അതിനു ശേഷം സമാപിച്ച ചിലി-ഇക്വഡോർ മത്സരത്തിൽ ഇക്വഡോർ വിജയിച്ചതോടെ അർജന്റീന ഖത്തർ ലോകകപ്പിനു യോഗ്യത നേടിയിരുന്നു.

facebooktwitterreddit