ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്തിയാൽ ലാറ്റിനമേരിക്കൻ ടീമുകൾ ബഹിഷ്കരിക്കുമെന്ന് കോൺമെബോൾ


ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്താനുള്ള ഫിഫയുടെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പു നൽകി സൗത്ത് അമേരിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ സംഘടനയായ കോൺമെബോൾ. രണ്ടു വർഷം കൂടുമ്പോൾ ഫുട്ബോൾ ലോകകപ്പ് നടത്തുകയെന്ന പദ്ധതി നിലവിൽ വന്നാൽ ലാറ്റിനമേരിക്കയിൽ നിന്നുള്ള രാജ്യങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് അവർ പ്രസ്താവനയിലൂടെ അറിയിച്ചു.
നിലവിൽ നാല് വർഷം കൂടുമ്പോൾ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് രണ്ടു വർഷം കൂടുമ്പോൾ നടത്താനുള്ള പദ്ധതിയുമായി ഫിഫ മുന്നോട്ടു പോയിക്കൊണ്ടിരിക്കയാണെന്ന റിപ്പോർട്ടുകൾ നിലവിൽ സജീവമാണ്. രണ്ടുവർഷത്തിൽ ഒരു ലോകകപ്പെന്ന ആശയത്തെ ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയും പിന്തുണച്ചിരുന്നു. എന്നാൽ ഇതിനെതിരെ പല ഭാഗത്തു നിന്നും എതിർപ്പുകളും ഉയർന്നു വരുന്നുണ്ട്.
CONMEBOL confirm South American teams will boycott extra World Cups. https://t.co/OPP6tApoFn
— Roy Nemer (@RoyNemer) October 27, 2021
ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്തിയാൽ ഉണ്ടാകുന്ന നേട്ടങ്ങളും അവയെ സംബന്ധിച്ച കൃത്യമായ വിശദീകരണവും നൽകിയിട്ടില്ലെന്ന് കോൺമെബോളിന്റെ പ്രസ്താവനയിൽ അവർ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ലാറ്റിനമേരിക്കയിൽ നിന്നുള്ള പത്തു ടീമുകൾ രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പെന്ന പദ്ധതിയുടെ ഭാഗമാകില്ലെന്നും അവർ അറിയിച്ചു.
നേരത്തെ തന്നെ യുവേഫ രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പ് എന്ന ആശയത്തെ എതിർത്ത് രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ കോൺമെബോളും ഇതിനെതിരെയുള്ള തങ്ങളുടെ ഉറച്ച നിലപാട് വ്യക്തമാക്കിയതോടെ ഫിഫ കൂടുതൽ സമ്മർദ്ദത്തിൽ ആയിട്ടുണ്ട്.