അർജന്റീന-ബ്രസീൽ മത്സരത്തിലെ വിവാദ ഫൗളിന്റെ വിഎആർ സംഭാഷണങ്ങൾ പുറത്തുവിട്ട് കോൺമെബോൾ


അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും അതിനു ശേഷം കളിയിലുണ്ടായ സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇത്തവണയും ഉണ്ടായിരുന്നു. മത്സരത്തിൽ ബ്രസീലിന്റെ മുന്നേറ്റനിര താരം റഫിന്യയെ അർജന്റീന പ്രതിരോധതാരം നിക്കോളാസ് ഒട്ടമെൻഡി മുട്ടുകൊണ്ടിടിച്ചതിനു റഫറി ശിക്ഷ നൽകാതിരുന്നതാണ് ഇത്തവണ വിവാദങ്ങൾക്കു കാരണമായത്.
ബോക്സിലേക്ക് കുതിച്ചെത്തിയ റഫിന്യയിൽ നിന്നും പന്തു കൈക്കലാക്കിയതിനു ശേഷമാണ് ഒട്ടമെൻഡി താരത്തിന്റെ മുഖത്തിടിച്ചത്. ഫൗളിന്റെ ദൃശ്യങ്ങൾ വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധിച്ചുവെങ്കിലും ഒട്ടമെൻഡിക്ക് മഞ്ഞക്കാർഡ് പോലും ലഭിച്ചില്ല. മത്സരത്തിനു ശേഷം ബ്രസീൽ പരിശീലകൻ ടിറ്റെ ഇതിനെതിരെ ശക്തമായ വാക്കുകളിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
Argentina against Brazil VAR audio, Nicolas Otamendi elbow. https://t.co/N4vqrMMAiC
— Roy Nemer (@RoyNemer) November 17, 2021
അതേസമയം മത്സരം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകം തന്നെ ആ സംഭവവുമായി ബന്ധപ്പെട്ടു വീഡിയോ അസിസ്റ്റന്റ് റഫറിമാരും പ്രധാന റഫറിയും തമ്മിലുള്ള സംഭാഷണം പുറത്തു വിട്ടിരിക്കുകയാണ് കോൺമെബോൾ. പ്രസ്തുത സംഭവത്തിൽ ഒട്ടമെൻഡിയുടേത് ഫൗൾ തന്നെയാണെന്ന് വീഡിയോ അസിസ്റ്റന്റ് റഫറി കരുതുന്നുണ്ടെങ്കിലും മത്സരം നിയന്ത്രിച്ച യുറുഗ്വായൻ റഫറിയായ ആന്ദ്രെസ് കുന്യ അത് അംഗീകരിക്കുന്നില്ല.
സംഭവത്തിൽ ഒട്ടമെൻഡി ചുവപ്പുകാർഡ് അർഹിക്കുന്നുവെന്ന് റഫറിമാർ കരുതുന്നില്ലെന്നാണ് സംഭാഷണം വ്യക്തമാക്കുന്നത്. ആ ഫൗൾ മനഃപൂർവം സംഭവിച്ചതല്ലെന്നും അവർ പറയുന്നു. ബോക്സിനു പുറത്തു വെച്ചു നടന്ന ഫൗളിനു മഞ്ഞക്കാർഡ് നൽകാമെന്ന് വിഎആർ റഫറി നിർദ്ദേശിച്ചെങ്കിലും കുന്യ ഗോൾകിക്ക് നൽകി മത്സരം പുനരാരംഭിക്കാനാണു തീരുമാനിച്ചത്.
അതൊരു കൃത്യമായ ഫൗളാണെന്നാണ് മത്സരത്തിനു ശേഷം പരിശീലകൻ ടിറ്റെ വ്യക്തമാക്കിയത്. വീഡിയോ റഫറി അതിൽ ഇടപെടാതിരുന്നതിനെ വിമർശിച്ച അദ്ദേഹം അതൊരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും വ്യക്തമാക്കിയിരുന്നു. മത്സരത്തിനു ശേഷം ആരാധകർക്കിടയിലും പ്രധാനമായി ചർച്ചയായതും ഈ സംഭവം തന്നെയായിരുന്നു.