Football in Malayalam

കോപ്പ ഡെൽ റെയിൽ ഇറങ്ങിയ രണ്ടു കോർണല്ല താരങ്ങൾക്ക് കോവിഡ്, ബാഴ്‌സലോണക്ക് ആശങ്ക

Sreejith N
Cornella v FC Barcelona - Copa del Rey
Cornella v FC Barcelona - Copa del Rey / Alex Caparros/Getty Images
facebooktwitterreddit

കഴിഞ്ഞ കോപ്പ ഡെൽ റേ മത്സരത്തിൽ ബാഴ്‌സലോണക്കെതിരെ ഇറങ്ങിയ രണ്ടു കോർണല്ല താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ലാ ലിഗ മൂന്നാം ഡിവിഷൻ ക്ലബായ കോർണല്ലക്കെതിരെ 120 മിനുട്ടുകൾ കളിക്കളത്തിൽ ഉണ്ടായിരുന്ന ബാഴ്‌സലോണയെ സംബന്ധിച്ച് ആശങ്കയുണർത്തുന്നതാണ് ഈ വാർത്ത. തൊണ്ണൂറു മിനുട്ടിലും സമനിലയിലായിരുന്ന മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ രണ്ടു ഗോളുകൾ നേടി ബാഴ്‌സ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയായിരുന്നു.

ലാ ലീഗയുടെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതു കൊണ്ട് ബാഴ്‌സലോണക്ക് ട്രെയിനിംഗ്‌ അടക്കമുള്ള കാര്യങ്ങൾ നിർത്തി വെക്കേണ്ട സാഹചര്യമില്ല. ലീഗിലെ എല്ലാ മത്സരങ്ങൾക്കും രണ്ടു ദിവസം മുൻപ് നടത്തേണ്ട കോവിഡ് പരിശോധനയും താരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് എൽഷെക്കെതിരെയാണ് ബാഴ്‌സലോണയുടെ ലീഗ് മത്സരം.

കോർണല്ലയുടെ ഏതൊക്കെ താരങ്ങൾക്കാണ് കോവിഡ് ബാധിച്ചതെന്നു പുറത്തു വന്നിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ പ്രകാരം അതിലൊരാൾ മത്സരത്തിന് ഇറങ്ങിയിട്ടുണ്ട്. ഇതാണ് ബാഴ്‌സലോണക്ക് ആശങ്കയുണർത്തുന്ന പ്രധാന വിഷയം. അതേസമയം മറ്റൊരു താരം പകരക്കാരനായി ബെഞ്ചിലായിരുന്നുവെന്നും കളിക്കാനിറങ്ങിയിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബാഴ്‌സലോണക്ക് ട്രെയിനിങ്ങും മത്സരങ്ങളും നടത്താൻ തടസമില്ലെങ്കിലും കോർണല്ല അവരുടെ വീക്കെൻഡ് ഫിക്സ്ചർ മാറ്റി വെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നാല് കോവിഡ് കേസുകളാണ് സെഗുണ്ട ബി ടീമിലുള്ളത്. ഒരു ടെക്‌നിക്കൽ സ്റ്റാഫും മൂന്നു താരങ്ങളുമാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഈയാഴ്‌ചയുടെ തുടക്കത്തിലാണ് കോർണല്ലയിലെ രണ്ടു പേർക്ക് കോവിഡ് കണ്ടെത്തിയതെങ്കിലും കോപ്പ ഡെൽ റേ മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം ബാഴ്‌സലോണ എൽഷെക്കെതിരായ മത്സരത്തിന് തയ്യാറെടുക്കുകയാണ്. സൂപ്പർകൊപ്പ ഫൈനലിൽ പരാജയപ്പെട്ടതിന്റെയും കഴിഞ്ഞ മത്സരത്തിൽ മൂന്നാം ഡിവിഷൻ ക്ലബിനോട് എക്സ്ട്രാ ടൈം വരെ പൊരുതേണ്ടി വന്നതിന്റെയും ക്ഷീണം മാറ്റാൻ മികച്ചൊരു വിജയം ടീമിന് ആവശ്യമാണ്.

facebooktwitterreddit