പി എസ് ജിയിലേക്കുള്ള മെസിയുടെ നീക്കം തടയണം; യൂറോപ്യൻ കമ്മിഷന് മുന്നിൽ പരാതിയെത്തി

ബാഴ്സലോണ വിട്ട ലയണൽ മെസി ഫ്രഞ്ച് സൂപ്പർ ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മനിലേക്ക് ചേക്കേറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനി ഇക്കാര്യത്തിൽ വരാനുള്ളൂവെന്ന തരത്തിലാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മെസി പി എസ് ജിയിലെത്തുമെന്ന കാര്യം ഉറപ്പായിരിക്കുന്നതിനിടെ ഇപ്പോളിതാ ഈ നീക്കം തടയാൻ നീക്കങ്ങളും നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വാർത്തകൾ പുറത്ത് വന്നിരിക്കുന്നു.
മെസിയെ സ്വന്തമാക്കാൻ ഫിനാൻഷ്യൽ ഫെയർപ്ലേ നിയമം പിഎസ്ജിയെ അനുവദിക്കില്ലെന്നും, അത് കൊണ്ടു തന്നെ മെസിയുമായി കരാർ ഒപ്പിടുന്നതിൽ നിന്ന് ഫ്രഞ്ച് ക്ലബ്ബിനെ തടയണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള പരാതിയാണ് ഇപ്പോൾ യൂറോപ്യൻ കമ്മീഷന് മുന്നിലെത്തിയിരിക്കുന്നത്. ഫിനാൻഷ്യൽ ഫെയർ പ്ലേയുമായി ബന്ധപ്പെട്ട് പി എസ് ജിയുടെ അനുപാതം ബാഴ്സലോണയേക്കാൾ മോശമാണെന്നും ബാഴ്സലോണ അംഗങ്ങൾക്ക് വേണ്ടി ഡോക്ടർ ജുവാൻ ബ്രാങ്കോ അപ്പീൽ കോടതിക്ക് അയച്ച പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
— MARCA in English (@MARCAinENGLISH) August 8, 2021
2019-20 സീസണിൽ പി എസ് ജിയുടെ വരുമാനത്തിന്റെ 99ശതമാനവും ശമ്പളത്തിനായിട്ടാണ് ഉപയോഗിച്ചതെന്നും, അതേ സമയം ബാഴ്സലോണ തങ്ങളുടെ വരുമാനത്തിന്റെ 54 ശതമാനം മാത്രമാണ് ശമ്പളത്തിനായി വിനിയോഗിച്ചതെന്നും യൂറോപ്യൻ കമ്മീഷന് മുന്നിലെത്തിയ പരാതിയിൽ പരാമർശിക്കുന്നതായി സ്പാനിഷ് മാധ്യമം മാർക്ക വ്യക്തമാക്കുന്നു. നിലവിൽ തീർപ്പു കൽപ്പിക്കപ്പെടാത്ത ഈ പരാതിക്ക് പിന്നിലുള്ളവർ മെസി പി എസ് ജിയിലേക്ക് ചേക്കേറുന്നതിനെ തടയാമെന്ന പ്രതീക്ഷയിലാണുള്ളത്.
അതേ സമയം, മെസി കൂടിയെത്തുന്നതോടെ പിഎസ്ജി വരും സീസണിൽ താരങ്ങളുടെ ശമ്പളത്തിനായി മാത്രം മുടക്കേണ്ടി വരുന്ന തുക ഞെട്ടിക്കുന്നതായിരിക്കും. ക്ലബ്ബിൽ ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന കെയ്ലിൻ എംബാപ്പെ, നെയ്മർ ജൂനിയർ എന്നിവർക്ക് പുറമേ ഇക്കുറി ഡോണറുമ്മ, സെർജിയോ റാമോസ്, വൈനാൾഡം, ഹക്കീമി എന്നിവരും കൂടിയെത്തിയത് ക്ലബ്ബിന്റെ വേതനനബില്ലും വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോൾ മെസിയുടെ നീക്കം തടയാൻ ആവശ്യപ്പെട്ട് യൂറോപ്യൻ കമ്മീഷന് മുന്നിലെത്തിയിരിക്കുന്ന പരാതിയിൽ എന്ത് തീരുമാനമുണ്ടാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.