ബാഴ്‌സലോണ വിട്ടാൽ മെസി ചേക്കേറാനിടയുള്ള അഞ്ചു ക്ലബുകൾ

Sreejith N
FBL-EUR-C1-BARCELONA-TRAINING
FBL-EUR-C1-BARCELONA-TRAINING / RAFAEL MARCHANTE/Getty Images
facebooktwitterreddit

ബയേൺ മ്യൂണിക്കിനെതിരെ ഞെട്ടിക്കുന്ന തോൽവി ബാഴ്‌സലോണ വഴങ്ങിയതിനു ശേഷം മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. അർജന്റീനിയൻ താരം ബാഴ്‌സയിൽ തന്നെ വിരമിക്കുമെന്ന് മുൻപ് ആരാധകർ തറപ്പിച്ച് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അക്കാര്യത്തിൽ യാതൊരു ഉറപ്പും ആർക്കും നൽകാനാവില്ല. ബോർഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും ദിശാബോധമില്ലാത്ത നേതൃത്വത്തിന്റെ പ്രവർത്തനങ്ങളും മൂലം മെസി ബാഴ്‌സ വിടുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാൻ യൂറോപ്പിലെ അഞ്ചു പ്രമുഖ ക്ലബുകളാണ് പ്രധാനമായും രംഗത്തു വരാൻ സാധ്യത.

1. മാഞ്ചസ്റ്റർ സിറ്റി

Manchester City v Huddersfield Town - Premier League
Manchester City v Huddersfield Town - Premier League / Shaun Botterill/Getty Images

മെസിയെന്ന കളിക്കാരന്റെ കഴിവുകൾ ഏറ്റവും മികച്ച രീതിയിൽ പുറത്തെടുപ്പിക്കാൻ കഴിഞ്ഞിട്ടുള്ള മുൻ ബാഴ്‌സലോണ പരിശീലകൻ ഗ്വാർഡിയോളയുടെ സാന്നിധ്യമാണ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അർജന്റീനിയന് താരം ചേക്കേറാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നത്. മെസിയെപ്പോലൊരു താരത്തെ സ്വന്തമാക്കാനും പ്രതിഫലം നൽകാനുമുള്ള സാമ്പത്തിക ശേഷി സിറ്റിക്കുണ്ട്. ചാമ്പ്യൻസ് ലീഗിൽ നിന്നും സിറ്റിയെ വിലക്കിയുള്ള യുവേഫയുടെ നടപടി പിൻവലിക്കപ്പെട്ടതോടെ ട്രാൻസ്ഫർ കാര്യങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യവും ഗ്വാർഡിയോളക്ക് ലഭിച്ചു കഴിഞ്ഞു എന്നാണ് സൂചനകൾ. മെസിയെപ്പോലൊരു താരം ടീമിലെത്തിയാൽ അത് സിറ്റിക്ക് ആഗോളതലത്തിൽ കൂടുതൽ ആരാധകരെ ആകർഷിക്കാനും കഴിയും.

2. പിഎസ്‌ജി

RB Leipzig v Paris Saint-Germain F.C - UEFA Champions League Semi Final
RB Leipzig v Paris Saint-Germain F.C - UEFA Champions League Semi Final / David Ramos/Getty Images

ലോകഫുട്ബാളിലെ ഏറ്റവും വലിയ ശക്തിയാവാൻ ശ്രമിക്കുന്ന പിഎസ്‌ജി നിലവിൽ തന്നെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച രണ്ടു റെക്കോർഡ് ട്രാൻസ്ഫറുകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്. നെയ്മർ, എംബാപ്പെ എന്നിവർക്കൊപ്പം മെസിയെയോ റൊണാൾഡോയേയോ സ്വന്തമാക്കാനുള്ള സാമ്പത്തികശേഷി ഖത്തർ ആസ്ഥാനമായുള്ള പിഎസ്‌ജി നേതൃത്വത്തിനുണ്ടെന്ന് നെയ്മറുടെ ഉപദേശകൻ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. മെസിയുടെ അടുത്ത സുഹൃത്തായ നെയ്മർ പിഎസ്ജിയിലുണ്ടെന്നതും യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബായി അവർ വളർന്നുവെന്നതും ഫ്രഞ്ച് ക്ലബ്ബിലേക്ക് മെസിയെ ആകർഷിക്കുന്ന ഘടകങ്ങളാണ്. എന്നാൽ താരത്തെ പിഎസ്‌ജിക്ക് നൽകാൻ ബാഴ്‌സ നേതൃത്വത്തിന് ഒരിക്കലും താല്പര്യമുണ്ടാകില്ല.

3. ഇന്റർ മിലാൻ

Seville v FC Internazionale - UEFA Europa League Final
Seville v FC Internazionale - UEFA Europa League Final / Pool/Getty Images

ബയേണിനെതിരായ തോൽവിക്ക് മുൻപ് തന്നെ മെസിയും ഇന്ററുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ സജീവമായിരുന്നു. അർജന്റീനിയൻ താരത്തെ സ്വന്തമാക്കാൻ ഇന്റർ നടത്തിയ ശ്രമങ്ങൾ അവരുടെ മുൻ പ്രസിഡണ്ട് വ്യക്തമാക്കിയതുമാണ്. മെസിയെ സ്വന്തമാക്കണമെങ്കിൽ അതിനു വേണ്ട രീതിയിൽ സഹായിക്കാമെന്നാണ് ഇന്റർ മിലാന്റെ സ്പോൺസർമാരുടെയും നിലപാട്. അടുത്ത സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ താരത്തെ സ്വന്തമാക്കാൻ 260 ദശലക്ഷം യൂറോയുടെ പാക്കേജ് ഇന്റർ തയ്യാറാക്കിയെന്ന വാർത്തകളും ഇതിനോട് ചേർത്ത് വായിക്കാവുന്നതുമാണ്.

4. മാഞ്ചസ്റ്റർ യുണൈറ്റഡ്

FBL-EUR-C3-SEVILLA-MAN UTD
FBL-EUR-C3-SEVILLA-MAN UTD / INA FASSBENDER/Getty Images

സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ വെല്ലുവിളിക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുണൈറ്റഡിനാണ് കഴിയുക. അർജന്റീന താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുകയാണെങ്കിൽ അതിലെ സ്പോർട്ടിങ് ഗുണങ്ങളെക്കാൾ മാർക്കറ്റിങ് നേട്ടങ്ങൾക്കാവും ഊന്നൽ നൽകുക. ആഗോള തലത്തിൽ തന്നെ വലിയൊരു ബ്രാൻഡ് ആയി മാറിയ മെസിയെ സ്വന്തമാക്കുക വഴി നിലവിലുള്ള ആരാധകക്കൂട്ടത്തെ മികച്ച രീതിയിൽ വർധിപ്പിക്കാനും അതുവഴി നേട്ടമുണ്ടാക്കാനും യുണൈറ്റഡിന് കഴിയും. എന്നാൽ മുപ്പത്തിമൂന്നുകാരനായ താരം യുണൈറ്റഡിന്റെ നിലവിലെ കേളീശൈലിയിൽ എത്ര കണ്ട് യോജിക്കുമെന്നതിൽ തീർച്ചയായും സംശയങ്ങളുണ്ട്.

5. യുവന്റസ്

Juventus v AS Roma - Serie A
Juventus v AS Roma - Serie A / Jonathan Moscrop/Getty Images

ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയ ക്രിസ്ത്യാനോ റൊണാൾഡോയെ ഏവരെയും ഞെട്ടിച്ച് റയലിൽ നിന്നും റാഞ്ചിയ യുവന്റസ് വീണ്ടും അതുപോലൊരു ട്രാൻസ്ഫറിനൊരുങ്ങിയാൽ അത്ഭുതപ്പെടാനൊന്നുമില്ല. വളരെ വർഷങ്ങളായി അപ്രാപ്യമായ യൂറോപ്യൻ കിരീടം സ്വന്തമാക്കാൻ വേണ്ടി അത്തരമൊരു നീക്കം യുവന്റസ് നടത്തിയാൽ മെസിയും റൊണാൾഡോയും ഒരുമിച്ചു കളിക്കുകയെന്ന സ്വപ്നമാണ് അവർ സാക്ഷാത്കരിക്കുക. ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ചർച്ചകളും പിന്നെ ഇറ്റാലിയൻ ക്ലബ്ബിനെ ചുറ്റിപറ്റിയായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമുണ്ടാകില്ല.

അതേ സമയം, ലാ ലീഗ ക്ലബുകളിലേക്കോ ജർമൻ ക്ലബുകളിലേക്കോ നിലവിലെ സാഹചര്യത്തിൽ മെസി ചേക്കേറാൻ യാതൊരു സാധ്യതയുമില്ല. യൂറോപ്പിനു പുറത്തേക്കു നോക്കുകയാണെങ്കിൽ ചൈനീസ് സൂപ്പർ ലീഗും അമേരിക്കൻ ലീഗുമാണ് മെസിയെ സ്വന്തമാക്കാനുള്ള സാധ്യതയുള്ളത്. ഇതിൽ അമേരിക്കൻ ലീഗിൽ ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമി നേരത്തെ തന്നെ താരത്തിൽ താത്പര്യമുണ്ടെന്ന് വ്യക്തമാക്കിയതാണ്. എന്നാൽ ഇനിയും യൂറോപ്പിൽ മികച്ച ഫോമിൽ കളിക്കാമെന്നിരിക്കെ അവിടം വിടുന്നതിനെക്കുറിച്ച് മെസി ഇപ്പോൾ ചിന്തിക്കാനിടയില്ല.

facebooktwitterreddit