Main Stories

യൂറോപ്പിലെ 12 വമ്പൻ ക്ലബുകൾ പങ്കെടുക്കുന്ന സൂപ്പർ ലീഗിന് അന്ത്യശാസനം, താരങ്ങളെയും ക്ലബുകളെയും വിലക്കുമെന്ന് യുവേഫ

Sreejith N
Republic of Ireland  v Switzerland  -EURO Qualifier
Republic of Ireland v Switzerland -EURO Qualifier / Soccrates Images/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗിനെ വെല്ലുവിളിക്കുന്ന രീതിയിൽ യൂറോപ്പിലെ പന്ത്രണ്ടു പ്രമുഖ ക്ലബുകളുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന യൂറോപ്യൻ സൂപ്പർലീഗ് ടൂർണമെന്റിന് അന്ത്യശാസനവുമായി യുവേഫ രംഗത്ത്. സൂപ്പർ ലീഗിൽ പങ്കെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോയാൽ ക്ലബുകളെയും താരങ്ങളെയും വിലക്കുമെന്ന് യുവേഫ, പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ എന്നിവയുടെ നേതൃത്വം വ്യക്തമാക്കി.

പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ടോട്ടനം, ആഴ്‌സണൽ, ലിവർപൂൾ എന്നിവർക്ക് പുറമെ ലാ ലിഗ ക്ലബുകളായ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ്, സീരി എ ക്ലബുകളായ യുവന്റസ്, എസി മിലാൻ, ഇന്റർ മിലാൻ എന്നിവരാണ് സൂപ്പർ ലീഗ് ടൂർണമെന്റ് ആരംഭിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നത്. അതേസമയം ഫ്രഞ്ച് ലീഗിൽ നിന്നും ജർമനിയിൽ നിന്നുമുള്ള ടീമുകൾ ഇവർക്കൊപ്പം ചേർന്നിട്ടില്ല.

യൂറോപ്യൻ സൂപ്പർലീഗ് ആരംഭിക്കാനുള്ള തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായിരിക്കെയാണ് അതിനെതിരെ യുവേഫ കർശന നിലപാടുമായി രംഗത്തു വന്നത്. ടൂർണമെന്റിൽ ഈ ടീമുകൾ പങ്കെടുത്താൽ അവരെ ആഭ്യന്തര ലീഗുകളിലും യുവേഫയുടെ ടൂർണമെന്റുകളിലും വിലക്കുന്നതിനു പുറമെ അതിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ദേശീയ ടീമിനൊപ്പം കളിക്കാൻ കഴിയില്ലെന്നും ഫിഫയടക്കമുള്ള മറ്റ് മെമ്പർ അസോസിയേഷനുകൾ ഈ തീരുമാനത്തെ പിന്തുണക്കുന്നുവെന്നും യുവേഫ പ്രസ്‌താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്ക അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബാങ്കായ ജെപി മോർഗാനാണ് സൂപ്പർലീഗിനു നിക്ഷേപം നൽകാനൊരുങ്ങുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് പ്രസിഡന്റ പെരസ് ടൂർണമെന്റിന്റെ പ്രസിഡന്റായും ലിവർപൂൾ, ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നീ ക്ലബുകളുടെ മേധാവികൾ ഇതിന്റെ വൈസ് പ്രസിഡന്റുമാരായും പ്രവർത്തിക്കാനിരിക്കയായിരുന്നു.

യുവേഫ തങ്ങളുടെ കർശന നിലപാട് വ്യക്തമാക്കിയതോടെ യൂറോപ്യൻ സൂപ്പർലീഗ് നടത്താനുള്ള തീരുമാനവുമായി ക്ലബുകൾ മുന്നോട്ടു പോകാൻ സാധ്യതയില്ല. ഇതിൽ പങ്കെടുക്കുന്ന ക്ലബുകൾക്ക് ആഭ്യന്തര ലീഗിൽ പങ്കെടുക്കുന്നതും താരങ്ങൾക്ക് ദേശീയ ടീമിനു വേണ്ടി കളിക്കുന്നതും പ്രധാനമാണെന്നിരിക്കെ ഈ ടൂർണമെന്റ് നടത്താനുള്ള പദ്ധതി ക്ലബുകൾ ഉപേക്ഷിച്ചേക്കും.

facebooktwitterreddit