Football in Malayalam

ബാഴ്‌സലോണയുടെ ചാമ്പ്യൻസ് ലീഗ് പുറത്താവലിനു ശേഷം ലെവൻഡോസ്‌കിയോട് ചിരിച്ചിടപഴകി ലെങ്ലറ്റ്, വിമർശനം ശക്തം

Sreejith N
FBL-EUR-C1-BAYERN MUNICH-BARCELONA
FBL-EUR-C1-BAYERN MUNICH-BARCELONA / CHRISTOF STACHE/GettyImages
facebooktwitterreddit

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേണിനോട് തോൽവി വഴങ്ങിയതോടെ ചരിത്രത്തിൽ ആദ്യമായി യൂറോപ്പ ലീഗ് കളിക്കുകയെന്ന സാഹചര്യമാണ് ബാഴ്‌സലോണക്ക് വന്നു ചേർന്നിരിക്കുന്നത്. ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ചും ടീമിലുള്ള താരങ്ങളിൽ പലരെയും സംബന്ധിച്ചും അതു കടുത്ത നിരാശയും ദേഷ്യവുമുണ്ടാക്കുന്ന കാര്യമാണെങ്കിലും ടീമിലെ എല്ലാ താരങ്ങൾക്കും അതില്ലെന്നതാണ് യാഥാർഥ്യം.

ഇന്നലത്തെ മത്സരത്തിനു ശേഷം ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായപ്പോൾ വളരെ പ്രസന്നമായി, ചിരിച്ച മുഖത്തോടെ എതിർ ടീം സ്‌ട്രൈക്കറായ ലെവൻഡോസ്‌കിയോട് കുശലം പറഞ്ഞു നടക്കുന്ന ബാഴ്‌സലോണ താരം ക്ലെമന്റ് ലെങ്ലറ്റിന്റെ പ്രവൃത്തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബാഴ്‌സലോണക്ക് വേണ്ടി തൊണ്ണൂറു മിനുട്ടും കളിക്കളത്തിൽ ഉണ്ടായിരുന്ന താരത്തിന്റെ സമീപനം ആരാധകരുടെ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.

യൂറോപ്പിലെ ഏറ്റവും വലിയ ടൂർണമെന്റിൽ നിന്നുമുള്ള ബാഴ്‌സയുടെ പുറത്താവൽ പരിശീലകൻ സാവിയടക്കമുള്ളവർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് വ്യക്തമായിരുന്നു. ഇതിനിടയിൽ ലെങ്ലറ്റ് യാതൊരു വിഷമവും പ്രകടമാക്കാതെ ചിരിച്ചുകൊണ്ട് ലെവൻഡോസ്‌കിയോട് ഇടപഴകുന്നതിനെ കഴിഞ്ഞ സീസണിൽ ചെൽസിയോട് തോറ്റപ്പോൾ റയൽ മാഡ്രിഡ് താരം ഈഡൻ ഹസാർഡ് കാണിച്ച സമീപനത്തോടു തുല്യമായാണ് ആരാധകർ കണക്കാക്കുന്നത്.

അതേസമയം യൂറോപ്പ ലീഗിലേക്ക് വീണെങ്കിലും ബാഴ്‌സലോണ തിരിച്ചു വരുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. 2004ൽ ലീഗിൽ ആറാം സ്ഥാനക്കാരായി യുവേഫ കപ്പിൽ കളിക്കേണ്ടി വന്ന ബാഴ്‌സലോണ അവിടെ നിന്നും ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമായി മാറിയിട്ടുണ്ട് എന്നതാണ് ആരാധകരുടെ പ്രതീക്ഷ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit