Football in Malayalam

ലെവൻഡോസ്‌കിയുമൊത്തുള്ള വിവാദമായ തന്റെ ചിത്രത്തിനു വിശദീകരണവുമായി ലെങ്ലെറ്റ്

Sreejith N
FC Barcelona v Real Betis - La Liga Santander
FC Barcelona v Real Betis - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്‌സലോണ പുറത്തായതിനു ശേഷം ആരാധകരിൽ നിന്നും കടുത്ത വിമർശനമാണ് ബാഴ്‌സലോണ താരമായ ക്ലെമന്റ് ലെങ്ലറ്റിനു നേരിടേണ്ടി വന്നത്. മത്സരത്തിൽ തൊണ്ണൂറു മിനുട്ടും കളിച്ച താരം അതു പൂർത്തിയായതിനു ശേഷം റോബർട്ട് ലെവൻഡോസ്‌കിയോടൊപ്പം സന്തോഷത്തോടെ ചിരിച്ചു സംസാരിക്കുന്നതാണ് ആരാധകർ രോഷം കൊള്ളാൻ കാരണം. ക്ലബിനോടുള്ള ലെങ്ലറ്റിന്റെ ആത്മാർഥതയെ അവർ ചോദ്യം ചെയ്യുകയുമുണ്ടായി.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ തന്റെ പ്രവൃത്തിക്ക് വിശദീകരണം നൽകി താരം രംഗത്തു വന്നിരുന്നു. ഒരു പ്രത്യേക സമയത്ത് സംഭവിച്ച കാര്യമാണതെന്നും അതിനു മത്സരഫലത്തിനു ശേഷമുള്ള തന്റെ വികാരങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നും പറഞ്ഞ താരം ബാഴ്‌സലോണയെ അർഹിക്കുന്ന സ്ഥാനത്തേക്ക് തിരിച്ചെത്തിക്കാൻ പൊരുതുമെന്നും വ്യക്തമാക്കി.

"ബാഴ്‌സലോണ ആരാധകർക്ക് എനിക്കൊരു സന്ദേശം നൽകാനുണ്ട്. ആദ്യമായി കഴിഞ്ഞ ദിവസത്തെ മത്സരഫലത്തിൽ ഞാനെന്റെ വിഷമം അറിയിക്കുന്നു. ഈ ക്ലബ് ഏറ്റവും മികച്ചതാണ് അർഹിക്കുന്നതെങ്കിലും അത് നികത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. മറ്റൊന്ന് ഞാൻ ലെവൻഡോസ്‌കിക്കൊപ്പം മത്സരത്തിനു ശേഷം ചിരിച്ചു കൊണ്ടു നിൽക്കുന്ന, ആ സമയത്തുണ്ടായ സന്ദർഭത്തെ കുറിച്ചുമാണ്."

"മത്സരഫലത്തെക്കുറിച്ചുള്ള എന്റെ വികാരത്തെ യാതൊരു തരത്തിലും പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു പ്രതികരണമായിരുന്നു അത്. ഞാൻ കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങൾ സംശയാതീതമാണ്. എന്നെ അറിയുന്ന ഏതൊരാൾക്കും എന്റെ പ്രതിബന്ധതയും എന്റെ തൊഴിലിനോടും ബാഴ്‌സയോടും അതിലുപരിയായി ആരാധകരോടും എനിക്കുള്ള സ്നേഹത്തെക്കുറിച്ചും അറിയാം."

"ഇന്നലെ സംഭവിച്ചതു പോലെയുള്ള വളരെയധികം വേദനിപ്പിച്ച ഒരു കാര്യത്തിന് എനിക്കൊരിക്കലും അങ്ങിനെയൊരു പ്രതികരണം ഉണ്ടാകില്ല. ഞങ്ങൾ വളരെയേറെ ദുഖിതരാണെങ്കിലും ഞങ്ങൾക്ക് ഒരു ദൗത്യമുണ്ട്. ബാഴ്‌സലോണയെ അവർ അർഹിച്ച സ്ഥലത്തേക്ക് തന്നെ തിരികെയെത്തിക്കുക." തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ലെങ്ലറ്റ് വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit