ക്ലൗഡിയോ റെനിയേരി വീണ്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ, എത്തുന്നത് വാട്ഫോഡിന്റെ പരിശീലകനായി

Sreejith N
Leicester City v Everton - Premier League
Leicester City v Everton - Premier League / Michael Regan/Getty Images
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എക്കാലത്തെയും വലിയ അത്ഭുതമായ ലൈസ്റ്റർ സിറ്റിയുടെ അട്ടിമറി കിരീടനേട്ടത്തിനു കാരണക്കാരനായ ഇറ്റാലിയൻ പരിശീലകൻ ക്ലൗഡിയോ റെനിയേരി വീണ്ടും ഇംഗ്ലണ്ടിലെത്തി. പ്രീമിയർ ലീഗ് ക്ലബായ വാട്ഫോഡിന്റെ പരിശീലക ചുമതലയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. സിസ്‌കോ മുനോസിനെ ഒഴിവാക്കിയതിനു പകരമാണ് അറുപത്തിയൊൻപതു വയസുള്ള റെനിയേരിയെ വാട്ഫോഡ് നിയമിച്ചിരിക്കുന്നത്.

വളരെയധികം പരിചയസമ്പന്നനായ പരിശീലകനായ റെനിയേരി വലൻസിയ, അത്ലറ്റികോ മാഡ്രിഡ്, ചെൽസി, ഇന്റർ മിലാൻ, മൊണാക്കോ, യുവന്റസ്, റോമ തുടങ്ങി നിരവധി ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നെന്നും ഓർമിക്കപ്പെടുക 2015ലെ പ്രീമിയർ ലീഗ് നേട്ടത്തിന്റെ പേരിലാണ്. ഒരാളും കിരീടസാധ്യത കൽപ്പിക്കാതിരുന്ന ലൈസ്റ്റർ സിറ്റി ആ സീസണിൽ ഏവരെയും ഞെട്ടിച്ചാണ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ സീരി എ ക്ലബായ സാംപ്‌ദോറിയയെ പരിശീലിപ്പിച്ചിരുന്ന റെനിയേരി അതിനു ശേഷം മറ്റൊരു ക്ലബ്ബിന്റെയും ചുമതല ഏറ്റെടുത്തിരുന്നില്ല. അതേസമയം പ്രീമിയർ ലീഗിലേക്ക് റെനിയേരിയുടെ നാലാമത്തെ വരവാണിത്. ലൈസ്റ്റർ സിറ്റിക്കു പുറമെ ചെൽസി, ഫുൾഹാം എന്നീ ക്ലബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

ചാമ്പ്യൻഷിപ്പിൽ നിന്നും ഈ സീസണിൽ പ്രീമിയർ ലീഗിലെത്തിയ വാട്ഫോഡ് ആസ്റ്റൺ വില്ലക്കെതിരായ ആദ്യ മത്സരത്തിൽ വിജയത്തോടെയാണ് തുടങ്ങിയതെങ്കിലും അതിനു ശേഷം നടന്ന എട്ടു മത്സരങ്ങളിൽ രണ്ടു ജയം മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളു. അതിനു പുറമെ അഞ്ചെണ്ണത്തിൽ തോൽക്കുക കൂടി ചെയ്‌തതോടെയാണ്‌ മുനോസിനെ ക്ലബ് ഒഴിവാക്കുന്നത്.

ലൈസ്റ്റർ സിറ്റിക്കൊപ്പമുള്ള കിരീടനേട്ടവും പരിചയസമ്പത്തും റെനിയേരിയെക്കുറിച്ച് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണെങ്കിലും പ്രീമിയർ ലീഗിൽ അവസാനം ഫുൾഹാമിനെ പരിശീലിപ്പിച്ചപ്പോൾ പതിനേഴു മത്സരങ്ങളിൽ നിന്നും മൂന്നു ജയം മാത്രമേ അദ്ദേഹത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുള്ളൂ.


facebooktwitterreddit