Football in Malayalam

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തെ പിന്തുണക്കാൻ ഏവർക്കും മാതൃകയാവുന്ന പ്രവർത്തനവുമായി സി.കെ.വിനീത്

Sreejith N
AFC Cup Final 2016: JSW Bengaluru v Air Force Club - Al-Quwa Al-Jawiya
AFC Cup Final 2016: JSW Bengaluru v Air Force Club - Al-Quwa Al-Jawiya / Matthew Ashton - AMA/Getty Images
facebooktwitterreddit

കോവിഡ് വ്യാപനം അതിരൂക്ഷമായി ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ ജനതക്ക് കൈത്താങ്ങെന്നതിനൊപ്പം സമൂഹത്തിലെ ജനങ്ങൾക്കും സെലിബ്രിറ്റികൾക്കും യുവാക്കൾക്കുമെല്ലാം മാതൃകയാക്കാവുന്ന പ്രവൃത്തിയുമായി മലയാളി ഫുട്ബോൾ താരം സി.കെ.വിനീത്. കോവിഡ് വാക്‌സിനേഷൻ എടുക്കുന്നതിനു മുൻപു തന്നെ തന്റെ രക്തം ദാനം ചെയ്‌ത്‌ ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിനു തന്റേതായ രീതിയിൽ പിന്തുണ നൽകിയിരിക്കുകയാണ് താരം.

പതിനെട്ടു വയസിനു മുകളിലുള്ള എല്ലാ ജനങ്ങൾക്കുമുള്ള വാക്‌സിനേഷൻ ക്യാംപയിൻ മെയ് ഒന്നു മുതൽ ഇന്ത്യ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. വാക്‌സിനേഷനുമായി ബന്ധപ്പെട്ടു പാലിക്കേണ്ട നിർദ്ദേശങ്ങൾ പ്രകാരം വാക്‌സിൻ സ്വീകരിച്ച ഒരാൾക്ക് മൂന്നു മാസക്കാലത്തേക്കെങ്കിലും രക്തം ദാനം ൽകാനാവില്ല. എല്ലാവരും വാക്‌സിനേഷൻ എടുത്താൽ പിന്നീട് മറ്റു കാര്യങ്ങൾക്കായി രക്തം ലഭ്യമാകാത്ത സാഹചര്യമുണ്ടാകുമെന്നതിനെ തുടർന്നാണ് വാക്സിനേഷനു മുൻപ് തന്നെ രക്തദാനത്തിനു വിനീത് ഒരുങ്ങുന്നത്.

"ഞാൻ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനു മുൻപ് രക്തം ദാനം ചെയ്യാൻ തയ്യാറെടുക്കുകയാണ്. നമുക്ക് ചെയ്യാൻ കഴിയുന്ന വളരെ ചെറിയൊരു കാര്യമാണത്. ആരോഗ്യപ്രവർത്തകരും മറ്റു പലരും കോവിഡ് മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കുമ്പോൾ നമുക്ക് പരിമിതമായ കാര്യങ്ങളെ അതിൽ ചെയ്യാൻ കഴിയൂ. എനിക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യാനും മറ്റുള്ളവർക്ക് മാതൃകയാക്കാനും ഞാൻ കണ്ടെത്തിയിരിക്കുന്ന വഴിയിതാണ്," സി.കെ,വിനീത് പറഞ്ഞു.

ഈസ്റ്റ് ബംഗാൾ വിട്ട് പുതിയ ക്ലബ് തേടുന്ന മുപ്പത്തിരണ്ടുകാരനായ സി.കെ.വിനീത് കോവിഡിനെതിരായ പോരാട്ടത്തിൽ മുൻപും തന്റേതായ രീതിയിൽ ഇടപെട്ടിരുന്നു. കഴിഞ്ഞ വർഷം രാജ്യത്തുണ്ടായ സമ്പൂർണ ലോക്ക് ഡൗണിനിടയിൽ തന്റെ നാടായ കണ്ണൂരിലെ കോവിഡ് 19 ഹെൽപ്‌ലൈനിൽ വളണ്ടിയറായി താരം സജീവ സാന്നിധ്യമറിയിച്ചിരുന്നു. രാജ്യത്തെ പൗരനെന്ന നിലയിൽ ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ് താൻ നിറവേറ്റുന്നതെന്നാണ് സി.കെ.വിനീത് പറയുന്നത്.


facebooktwitterreddit