പിഎസ്ജിയുമായി രണ്ടുവർഷത്തെ കരാറിലൊപ്പുവെക്കാനൊരുങ്ങി ക്രിസ്റ്റഫെ ഗാൾട്ടിയർ


പിഎസ്ജിയുടെ പുതിയ പരിശീലകനായി ക്രിസ്റ്റഫെ ഗാൾട്ടിയർ എത്തിയേക്കും. വരും ദിവസങ്ങളിൽ പിഎസ്ജി ഗാൾട്ടിയറുമായി രണ്ടുവർഷത്തേക്ക് കരാറിലേർപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2020-21 സീസണിൽ ലില്ലേക്കൊപ്പം ഫ്രഞ്ച് കിരീടം നേടിയ ഗാൾട്ടിയർ കഴിഞ്ഞ സീസണിൽ നീസിന്റെ പരിശീലകനായിരുന്നു. പിഎസ്ജിയിലേക്കുള്ള നീക്കത്തിന് മുന്നോടിയായി ഗാൾട്ടിയർ കഴിഞ്ഞ മാസം നീസ് വിട്ടിരുന്നു.
പിഎസ്ജിയിലേക്ക് ചേക്കേറാനൊരുങ്ങുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച പിഎസ്ജിയിലെ സൗകര്യങ്ങൾ ഗാൾട്ടിയർ സന്ദർശിച്ചിരുന്നു.
ഈ ആഴ്ച്ചയുടെ തുടക്കത്തിൽ തന്നെ പിഎസ്ജി ഗാൾട്ടിയറുമായി കരാറിലേർപ്പെടുമെന്ന് ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെ റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് വർഷത്തെ കരാറിലാണ് ഗാൾട്ടിയർ പിഎസ്ജിയിലേക്ക് ചേക്കേറുകയെന്നും ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പിഎസ്ജിയുമായി കരാർ ഒപ്പിട്ടതിന് ശേഷമുള്ള ഔദ്യോഗിക അവതരണവും, ആമുഖ പത്രസമ്മേളനവും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഉണ്ടാവുമെന്നും എൽ എക്യുപെ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം പിഎസ്ജി ഉടൻ തന്നെ സ്ഥിരീകരിക്കും.
അതേ സമയം, പരിശീലകസ്ഥാനത്തു നിന്നും ഒഴിയാൻ പൊച്ചെട്ടിനോയുമായും അദ്ദേഹത്തിന്റെ കീഴിലുള്ള കോച്ചിംഗ് സ്റ്റാഫുകളും പിഎസ്ജിയുമായി ധാരണയിലെത്തിയതായും എൽ എക്യുപെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.