പിഎസ്‌ജിയിലേക്ക് ചേക്കേറുന്നതിന് മുന്നോടിയായി ക്രിസ്റ്റഫെ ഗാൾറ്റിയർ നീസ് വിട്ടു
By Vaisakh. M

പിഎസ്‌ജിലേക്കുള്ള നീക്കത്തിനു മുന്നോടിയായി ക്രിസ്റ്റഫെ ഗാൾറ്റിയർ ഫ്രഞ്ച് ക്ലബ്ബായ നീസ് വിട്ടു. മുൻ ബൊറൂസിയ ഡോർമുണ്ട് പരിശീലകനായ ലൂസിയാൻ ഫാവ്രെ പകരക്കാരനായി ക്ലബിന്റെ ചുമതലയേറ്റുവെന്ന് നീസ് സ്ഥിരീകരിച്ചു.
2020-21 സീസണിൽ ഫ്രഞ്ച് ക്ലബ്ബായ ലില്ലെയെ ലീഗ് വൺ കിരീടത്തിലേക്ക് നയിച്ച 55കാരൻ ഗാൾറ്റിയർ പിഎസ്‌ജിയിൽ മൗറിഷ്യോ പൊച്ചെട്ടിനോയുടെ പിൻഗാമിയാവാനൊരുങ്ങുകയാണ്. അദ്ദേഹം ഇതിനു മുമ്പ് പിഎസ്‌ജി അടുത്തിടെ നിയമിച്ച സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കാംപോസിനൊപ്പം ലില്ലെയിലും പ്രവർത്തിച്ചിരുന്നു.
ലില്ലേക്കൊപ്പമുള്ള വിജയഗാഥക്കുശേഷം നീസിലേക്ക് ചേക്കേറിയ ഗാൾറ്റിയർ അവിടെ 43 മത്സരങ്ങളിൽ ടീമിനെ നയിക്കുകയും ക്ലബ്ബിനെ അഞ്ചാം സ്ഥാനത്തെത്തിക്കുകയും ചെയ്തിരുന്നു.
"ഒജിസി നീസിന്റെ ആദ്യ ടീമിന്റെ ചുമതല ഇനി ക്രിസ്റ്റഫെ ഗാൾറ്റിയർക്കല്ല," നീസ് പ്രസ്താവനയിൽ പറഞ്ഞു. ലൂസിയാൻ ഫാവ്രെയെ പുതിയ പരിശീലകനായി തിരിച്ചെത്തിച്ചതിൽ ക്ലബ്ബ് അഭിമാനിക്കുന്നുവെന്നും നീസ് പ്രസ്താവിച്ചു.
അതേ സമയം, ഗാൾട്ടിയറെ പിഎസ്‌ജി അവരുടെ പുതിയ പരിശീലകനായി നിയമിക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊച്ചെട്ടിനോക്ക് പകരക്കാരനായാകും ഗാൾട്ടിയർ പിഎസ്‌ജിയിലേക്കെത്തുന്നത്. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ റൗണ്ട് ഓഫ് 16ൽ പുറത്തായത് പൊച്ചെട്ടിനോയുടെ പിഎസ്‌ജി ഭാവി തുലാസിലാക്കിയിരുന്നു.
പുതിയ പരിശീലകനായി ഗാൾറ്റിയർ ചുമതലയെടുത്തതിന് ശേഷം സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് ക്യാമ്പോസിനൊപ്പം പുതിയ ട്രാൻഫർ തീരുമാനങ്ങളെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സ്‌ക്വാഡിൽ അഴിച്ചു പണി നടത്താനിരിക്കുന്ന പിഎസ്‌ജി മൗറോ ഇക്കാർഡി, ഇദ്രിസ ഗയെ, ഡാനിലോ പെരേര, കെയ്‌ലർ നവാസ്, ജൂലിയൻ ഡ്രാക്സ്ലർ എന്നിവരെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.