നെയ്മറെ നിലനിർത്താനുള്ള ആഗ്രഹം വ്യക്തമാക്കി പുതിയ പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ


ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിടുമെന്ന് ശക്തമായ അഭ്യൂഹങ്ങളുള്ള താരമാണ് നെയ്മർ. ഇതിനോടകം താരത്തിന്റെ ഇടനിലക്കാർ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിലേക്ക് താരത്തെ ഓഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രീമിയർ ലീഗിൽ നിന്നും ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങി, ബയേൺ മ്യൂണിക്ക്, യുവന്റസ്, എസി മിലാൻ എന്നിവർക്കും നെയ്മറെ ഓഫർ ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നിരുന്നാലും ആരും ഇതുവരെ ഈ അവസരം പരിഗണിച്ചിട്ടില്ല എന്നാണ് അറിയാനാകുന്നത്.
ഈ അഭ്യൂഹങ്ങൾക്കിടയിലും താരത്തിന്റെ സേവനം പിഎസ്ജിക്ക് ആവശ്യമുണ്ടെന്ന് പുതിയ പരിശീലകനായി സ്ഥാനമേറ്റ ക്രിസ്റ്റഫെ ഗാൾട്ടിയർ വ്യക്തമാക്കുന്നു. നെയ്മർ പിഎസ്ജിയിൽ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാൾട്ടിയർ പത്രസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു.
"നെയ്മർ തന്റെ ടീമിലുണ്ടാകുന്നത് ഇഷ്ടപ്പെടാത്ത പരിശീലകൻ ഏതാണ്? അവൻ ഒരു ലോകോത്തര കളിക്കാരനാണ്," ഗാൾട്ടിയർ പറഞ്ഞു.
"തീർച്ചയായും, ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്. എങ്ങനെയാണു അവനെ ഉപയോഗിക്കേണ്ടതെന്നു എനിക്ക് വ്യക്തമായ ഐഡിയയുണ്ട്. ഞങ്ങൾക്കൊപ്പം അവൻ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്," ഗാൽറ്റിയർ കൂട്ടിച്ചേർത്തു.
മറ്റൊരു സൂപ്പർതാരമായ കിലിയൻ എംബാപ്പെയെ പരിശീലിപ്പിക്കാനുള്ള ആവേശവും ഗാൾട്ടിയർ പങ്കുവെച്ചു. ക്ലബ്ബിന്റെ വിജയം സൂപ്പർതാരങ്ങളിൽ അധിഷ്ഠിതമല്ലെന്നും അതൊരു കൂട്ടായ പ്രയത്നമാണെന്നും ഗാൾട്ടിയർ വ്യക്തമാക്കി.
"ഒരു ഫ്രഞ്ച് പരിശീലകനെന്ന നിലയിൽ, കിലിയൻ തുടരുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. അവൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്," ഗാൾട്ടിയർ പറഞ്ഞു.
"അവൻ ടീമിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയാം. അവന്റെ ശക്തിയും പ്രാധാന്യവും ഞങ്ങൾക്കറിയാം. ഈ മഹത്തായ വ്യക്തികൾ ഒരു കൂട്ടായി പ്രവർത്തിക്കുന്നതിൽ സന്തോഷവാന്മാരാണെങ്കിൽ , പിഎസ്ജിക്ക് ഒരു മികച്ച സീസൺ ഉണ്ടാകും. കഴിഞ്ഞ സീസണിലെ പോലെ ഇതും നിർണായകമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ഗാൾട്ടിയർ വ്യക്തമാക്കി.
ക്ലബിന് അനുയോജ്യരല്ലാത്ത കളിക്കാരെ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"ലൂയിസിനൊപ്പം പ്രവർത്തിക്കുന്ന രീതി അർത്ഥമാക്കുന്നത് വിട്ടുവീഴ്ചകൾ ഇല്ല എന്നാണ്. ടീമാണ് ആത്യന്തികമായിട്ടുള്ളത്. ചില പോരായ്മകൾ ഉണ്ടാകാം. പക്ഷേ അത് കഴിയുന്നത്ര കുറച്ച് മാത്രമേ ഞങ്ങൾ ഉറപ്പാക്കൂ. കഴിവുകളുടെ ആകെത്തുക ഉപയോഗിച്ച് ശക്തമായ ഒരു മികച്ച ടീമായി മാറ്റുക എന്നതാണ് എന്റെ ലക്ഷ്യം. ഈ ടീം വളരെ ഐക്യമുള്ളതാണെന്ന് ഞാൻ ഉറപ്പാക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.