Football in Malayalam

റൊണാൾഡോയെ എഎസ് റോമയിലേക്ക് കൊണ്ടു വരാൻ ഹോസെ മൗറീന്യോ ആഗ്രഹിക്കുന്നുണ്ടെന്ന് ക്രിസ്റ്റ്യൻ വിയേരി

Gokul Manthara
FBL-ESP-LIGA-REALMADRID-BETIS
FBL-ESP-LIGA-REALMADRID-BETIS / DANI POZO/Getty Images
facebooktwitterreddit

നിലവിൽ യുവന്റസിനൊപ്പമുള്ള‌ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ എ എസ് റോമയിലേക്ക് കൊ‌ണ്ടു വരാൻ ക്ലബ്ബിന്റെ പരിശീലകനായ ഹൊസെ മൗറീന്യോ താല്പര്യപ്പെടുന്നുണ്ടെന്ന് മുൻ ഇറ്റാലിയൻ താരം ക്രിസ്റ്റ്യൻ വിയേരി. കഴിഞ്ഞ ദിവസം ബോബോ ടിവിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു വിയേരി ഇങ്ങനെ പറഞ്ഞത്.

എന്നാൽ റോമയിലേക്ക് റൊണാൾഡോയെ കൊണ്ടു വരാൻ മൗറീന്യോക്ക് താല്പര്യമുണ്ടെന്ന വിയേരിയുടെ വാക്കുകളെ അസംബന്ധമെന്നാണ് ചർച്ചയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുൻ ഇറ്റാലിയൻ താരം അന്റോണിയോ‌ കസാനോ വിശേഷിപ്പിച്ചത്. "റൊണാൾഡോ റോമയിലേക്ക്? അത് അസംബന്ധമാണ്. മൗറീന്യോക്ക് റൊണാൾഡോയുമായി സുഗമമായ ബന്ധമല്ല റയൽ മാഡ്രിഡിൽ ഉണ്ടായിരുന്നത്," കസാനോ പറഞ്ഞു. "എങ്ങനെയാണ് നിങ്ങൾക്ക് അവ‌ൻ റോമയിലേക്ക് പോകുമെന്ന് ചിന്തിക്കാൻ കഴിയുക?

റൊണാൾഡോയുടേയും, മൗറീഞ്ഞോയുടേയും ഏജന്റ് ഒരാൾ (ജോർജ് മെൻഡിസ്) തന്നെയായതിനാലാണോ വിയേരി ഇങ്ങനെ ചിന്തിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കസാനോ, റോണോ റോമയിലേക്ക് പോകുന്നുവെന്ന് എങ്ങനെ ചിന്തിക്കാൻ കഴിയുന്നുവെന്ന് വിയേരിയോട് ചോദിക്കാനും മറന്നില്ല.

അതേ‌ സമയം യുവന്റസുമായി ഒരു വർഷ കൂടി കരാർ ബാക്കിയുണ്ടെങ്കിലും റൊണാൾഡോ ഈ സമ്മറിൽ ക്ലബ്ബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്‌. ഇതിനിടെ ആന്ദ്രെ പിർലോക്ക് പകരം യുവന്റസിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ മാസിമിലിയാനോ അല്ലഗ്രിക്ക്, റോണോ ക്ലബ്ബിൽ തുടരണമെന്ന് ആഗ്രഹമില്ലെന്ന് കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ കഡേന സെർ റിപ്പോർട്ടും ചെയ്തിരുന്നു. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ ഭാവി കാര്യത്തിൽ റൊണാൾഡോയോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതു വരെ ഔദ്യോഗികമായി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ

facebooktwitterreddit