"എന്റെ ഹൃദയം ഒന്നിനുമൊരു തടസമല്ല"- അടുത്ത ലക്ഷ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യൻ എറിക്‌സൺ
By Sreejith N

ഫുട്ബോളിലേക്ക് തിരിച്ചു വരാനും അടുത്ത വർഷം ഖത്തറിൽ വെച്ചു നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാനുമുള്ള തന്റെ ലക്ഷ്യം വെളിപ്പെടുത്തി ഡെൻമാർക്ക് മധ്യനിര താരമായ ക്രിസ്റ്റ്യൻ എറിക്‌സൺ. യൂറോ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഹൃദയാഘാതം വന്നു മൈതാനത്ത് കുഴഞ്ഞു വീണ എറിക്‌സൺ ചികിത്സകൾ പൂർത്തിയാക്കിയതിനു ശേഷം കഴിഞ്ഞ ദിവസം സ്വിസ് ക്ലബായ ചിയാസോക്കൊപ്പം ട്രെയിനിങ് ആരംഭിച്ചിരുന്നു.
ഹൃദയമിടിപ്പിനെ ക്രമീകരിക്കാനുള്ള ഡിഫിബ്രില്ലെറ്റർ ഘടിപ്പിച്ചു എന്നതിനാൽ ഇറ്റലിയിൽ കളിക്കാൻ കഴിയാത്ത താരത്തിന്റെ കരാർ പരസ്‌പരധാരണയോടെ ഇന്റർ മിലാൻ ഒഴിവാക്കിയിരുന്നു. ഇതോടെ നിലവിൽ ഫ്രീ ഏജന്റായ താരം ഖത്തർ ലോകകപ്പിനുള്ള ഡെന്മാർക്ക് ടീമിൽ ഇടം നേടുന്നതിനു വേണ്ടി തന്റെ കഴിവു തെളിയിക്കാൻ പുതിയൊരു ക്ലബ് കണ്ടെത്താനുള്ള ശ്രമത്തിൽ കൂടിയാണ്.
Christian Eriksen is aiming to play at the World Cup ? pic.twitter.com/2eFyEphfvf
— GOAL (@goal) January 4, 2022
"എന്റെ ലക്‌ഷ്യം ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പിൽ കളിക്കുക എന്നതാണ്, എനിക്ക് കളിക്കണം. എന്റെ മനസാസകലം അതിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതൊരു സ്വപ്‌നം കൂടിയാണ്. എന്നെ തിരഞ്ഞെടുക്കുമോയെന്നത് മറ്റൊരു കാര്യമാണ്, എന്നാൽ എന്റെ സ്വപ്‌നം തിരിച്ചു വരികയെന്നതാണ്. എനിക്ക് തിരിച്ചു വരാൻ കഴിയുമെന്നതിൽ സംശയമില്ല, കാരണം എനിക്കൊരു വ്യത്യാസവും അനുഭവപ്പെടുന്നില്ല." എറിക്‌സൺ ഡാനിഷ് ടിവിയോട് പറഞ്ഞത് ഗോൾ റിപ്പോർട്ടു ചെയ്‌തു.
"ദേശീയ ടീം വളരെ പ്രധാനപ്പെട്ടതാണ്. എനിക്ക് ലോകകപ്പിൽ അവർക്കു വേണ്ടി കളിക്കണം. എന്റെ സ്വപ്‌നം ദേശീയ ടീമിൽ വീണ്ടും ചേരുകയെന്നതും, പാർക്കനിൽ വീണ്ടും കളിച്ച് എനിക്ക് സംഭവിച്ചത് എല്ലായിപ്പോഴും സംഭവിക്കുന്നതെല്ലെന്നു തെളിയിക്കുകയും കൂടിയാണ്. അതിൽ നിന്നും ഞാൻ പുറത്തു കടന്നുവെന്നും എനിക്ക് അറിയിക്കണം. എന്റെ കഴിവുകൾ മാനേജർ തന്നെയാണ് അലക്കേണ്ടത്, പക്ഷെ എന്റെ ഹൃദയം അതിനൊരു തടസമല്ല." എറിക്‌സൺ വ്യക്തമാക്കി.
തന്നെ പിന്തുണച്ച എല്ലാവർക്കും താരം നന്ദിയറിയിക്കുകയും ചെയ്‌തു. ഇറ്റലിയിൽ കളിക്കാൻ കഴിയില്ലെങ്കിലും എറിക്‌സനു കളിക്കാൻ കഴിയുന്ന ലീഗുകളായ പ്രീമിയർ ലീഗ്, ഡച്ച് ലീഗ് എന്നിവയിൽ നിന്നും താരത്തിന് ഓഫറുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ മുൻ ക്ലബുകളായ ടോട്ടനം, അയാക്‌സ് എന്നിവക്കാണ് എറിക്‌സണിൽ താത്പര്യമുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.