Football in Malayalam

മെസിക്കല്ല, മറ്റൊരു താരത്തിനു ബാലൺ ഡി ഓർ നൽകണമായിരുന്നുവെന്ന അഭിപ്രായവുമായി ഡാനി ആൽവസ്

Sreejith N
Dani Alves returns to Barcelona
Dani Alves returns to Barcelona / Anadolu Agency/GettyImages
facebooktwitterreddit

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഏഴാമത്തെ തവണയും ബാലൺ ഡി ഓർ പുരസ്‌കാരം നേടി ചരിത്രത്തിൽ ഏറ്റവുമധികം തവണ ബാലൺ ഡി ഓർ നേടിയ താരമെന്ന തന്റെ തന്നെ റെക്കോർഡ് അർജന്റീനിയൻ നായകനായ മെസി തകർക്കുകയുണ്ടായി. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്ക് വേണ്ടി നടത്തിയ പ്രകടനവും അർജന്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ചതുമാണ് മെസി പുരസ്‌കാരം നേടാൻ കാരണമായത്.

എന്നാൽ ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ ലയണൽ മെസി അർഹനാണെങ്കിലും പുരസ്‌കാരം മറ്റൊരു കളിക്കാരനു സമ്മാനിക്കണമെന്നാണ് ബാഴ്‌സലോണയിൽ മെസിയുടെ മുൻ സഹതാരമായിരുന്ന ഡാനി ആൽവസ് അഭിപ്രായപ്പെട്ടത്. ഇന്റർ മിലാന്റെ ഡെന്മാർക്ക് താരമായ ക്രിസ്റ്റ്യൻ എറിക്‌സനു പുരസ്‌കാരം നൽകി അദ്ദേഹം കടന്നുപോകുന്ന മോശം സാഹചര്യത്തെ മറികടക്കാനുള്ള പിന്തുണ അറിയിക്കണമെന്നാണ് ആൽവസ് അഭിപ്രായപ്പെട്ടത്.

ഫിൻലൻഡിനെതിരെ നടന്ന യൂറോ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ എറിക്‌സൺ ഇപ്പോഴും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. താരത്തിന്റെ ആരോഗ്യസ്ഥിതി വീണ്ടെടുത്തുവെങ്കിലും ഇനി മൈതാനത്ത് തുടരാൻ കഴിയുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നിരിക്കെയാണ് പിന്തുണ നൽകാൻ ഡാനി ആൽവസ് ആവശ്യപ്പെട്ടത്.

"മെസി ബാലൺ ഡി ഓറിനുള്ള ഒരു വലിയ മത്സരാർത്ഥിയാണെന്ന് എനിക്കറിയാം. മറ്റൊരെണ്ണം കൂടി സ്വന്തമാക്കാനുള്ള എല്ലാ കണക്കുകളും താരം പൂർത്തീകരിച്ചു കഴിഞ്ഞു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ എല്ലാ വ്യക്തിഗത അവാർഡുകളും എറിക്‌സനു നൽകണമെന്നാണ്. അതിലൂടെ ഫുട്ബോളിനേക്കാൾ ജീവിതമാണ് വലുതെന്ന സന്ദേശം ലോകത്തിനു നൽകാൻ കഴിയും."

"കൂടാതെ കോവിഡ് 19നുമായി ബന്ധപ്പെട്ട് നമ്മൾ അനുഭവിച്ച എല്ലാ കാര്യങ്ങളും എല്ലാ പ്രശ്‌നങ്ങളിലൂടെയും കടന്നു പോയൊരു വ്യക്തി തിരിച്ചു വരുമ്പോൾ സ്പോർട്ടിനേക്കാൾ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങളുണ്ടെന്ന സന്ദേശം എല്ലാവർക്കും നൽകാനും നമുക്ക് കഴിയും." ആൽവസ് വ്യക്തമാക്കി.

facebooktwitterreddit