Football in Malayalam

ഇടവേളക്ക് ശേഷം മൈതാനത്തേക്ക് തിരിച്ചെത്തി ക്രിസ്റ്റ്യൻ എറിക്സൻ; ഫുട്ബോൾ ലോകത്തിന് സന്തോഷം പകരുന്ന വാർത്ത

By Gokul Manthara
Christian Eriksen of Fc Internazionale  looks on during the...
Christian Eriksen of Fc Internazionale looks on during the... / Marco Canoniero/Getty Images
facebooktwitterreddit

യൂറോ കപ്പിലെ ആദ്യ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞ് വീണ് ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ചങ്കിടിപ്പേറ്റിയ ക്രിസ്റ്റ്യൻ എറിക്സൻ ഈ സംഭവത്തിന് ശേഷം ആദ്യമായി പരിശീലന ഗ്രൗണ്ടിലേക്ക് തിരിച്ചെത്തി. ഇറ്റാലിയൻ ക്ലബ്ബായ ഇന്റർമിലാന്റെ താരമായ എറിക്സൻ ഇന്ന് പരിശീലന മൈതാനം സന്ദർശിച്ച വിവരം പുറത്തു വിട്ട ക്ലബ്ബ്, താരം മാനസികമായും ശാരീരികമായും മികച്ച നിലയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫുട്ബോൾ ലോകത്തിന് ഒന്നടങ്കം വലിയ സന്തോഷം നൽകുന്ന വാർത്തയാണിത്.

നേരത്തെ യൂറോ 2020 ൽ ഫിൻലൻഡിനെതിരെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിക്കിടെയായിരുന്നു എറിക്സൻ കുഴഞ്ഞു വീണത്.‌ പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റിയ താരം പിന്നാലെ അപകടനില തരണം ചെയ്തിരുന്നുവെങ്കിലും,‌താരം കുഴഞ്ഞു വീണ സമയത്തെ കാഴ്ചകൾ എല്ലാവരെയും ശരിക്കും ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ഒരു ഹാർട്ട് സ്റ്റാർട്ടിംഗ് ഉപകരണം ശരീരത്തിൽ ഘടിപ്പിച്ച എറിക്സൻ ഇപ്പോളും ചികിത്സ തുടരുകയാണ്. അതിനിടെയാണ് ഇന്ന് ഇന്റർമിലാന്റെ പരിശീലന മൈതാനത്ത് താരമെത്തിയതും ക്ലബ്ബിലെ സഹതാരങ്ങൾ, ജീവനക്കാർ, ഡയറക്ടർമാർ എന്നിവരെ സന്ദർശിച്ചതും.

"എറിക്സൺ മികച്ച നിലയിലാണുള്ളത്. ശാരീരികമായും, മാനസികമായും അദ്ദേഹം മികച്ച രീതിയിലാണ്. കോപ്പൻഹേഗനിലെ ഡാനിഷ്‌ ഡോക്ടർമാർ നിർദ്ദേശിച്ച, രോഗമുക്തി നേടുന്നതിനായുള്ള കാര്യങ്ങൾ അദ്ദേഹം തുടരും. താരത്തിന്റെ ക്ലിനിക്കൽ ഫോളോ അപ്പും അവർ ഏകോപിപ്പിക്കും. ഇന്ററിന്റെ മെഡിക്കൽ സംഘത്തിന് ഈ പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങളും അപ്ഡേറ്റുകളും ലഭിച്ചു കൊണ്ടേയിരിക്കും." ഇന്റർ മിലാൻ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ കുറിച്ചു.

അതേ സമയം കഴിഞ്ഞ വർഷം ജനുവരിയിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിൽ നിന്ന് ഇന്റർമിലാനിലേക്കെത്തിയ എറിക്സൻ 44 സീരി എ മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് അവർക്കായി നേടിയിട്ടുള്ളത്. എന്നാൽ പൂർണ ഫിറ്റ്നസിലെത്തി, എന്നത്തോടെ എറിക്സന് മത്സരരംഗത്തേക്ക് തിരിച്ചെത്താൻ കഴിയുമെന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല. ഇത് ഇന്റർമിലാനെ അല്പം നിരാശരാക്കുന്നുണ്ട്.

facebooktwitterreddit