ബ്രന്റ്‌ഫോര്‍ഡുമായി കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് എറിക്‌സണ്‍; പ്രീമിയര്‍ ലീഗില്‍ പുതിയ തട്ടകം തേടിയേക്കും

ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ബ്രന്റ്‌ഫോര്‍ഡുമായി കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. ബ്രന്റ്‌ഫോര്‍ഡില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത എറിക്‌സണ്‍ പുതിയ തട്ടകം തേടുന്നതിന്റെ ഭാഗമായിട്ടാണ് കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതെന്നാണ് വിവരം. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്ന എറിക്‌സൺ, പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു ക്ലബിലേക്ക് ചേക്കേറാനാണ് മുൻഗണന നൽകുന്നത്. ഇറ്റാലിയൻ ജേർണലിസ്റ്റായ ആൽഫ്രഡോ പെഡുല്ലയാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
2020 യൂറോ കപ്പ് മത്സരത്തിനിടെ കാര്‍ഡിയാക് അറസ്റ്റ് വന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണതോടെയായിരുന്നു എറിക്‌സന്റെ കരിയറിന് വഴിത്തിരിവുണ്ടായത്. ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ എറിക്‌സണ് കൃത്യ സമയത്ത് പ്രാഥമിക ചികിത്സ നല്‍കിയതോടെയായിരുന്നു താരത്തിന്റെ ജീവന്‍ രക്ഷിക്കാനായത്.
പിന്നീട് ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിച്ചായിരുന്നു എറിക്‌സണ്‍ മൈതാനത്ത് തിരിച്ചെത്തിയത്. ഇതോടെ ഡെന്മാര്‍ക്ക് താരം ഇന്റര്‍ മിലാനുമായുണ്ടായിരുന്ന കരാര്‍ റദ്ദാക്കേണ്ടി വന്നു. ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിച്ചതിനാല്‍ ഇറ്റലിയില്‍ കളിക്കാന്‍ നിയമം അനുവദിക്കാത്തിത് കൊണ്ട് എറിക്‌സണ്‍ ക്ലബുമായി പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
പിന്നീട് പതിയെ കളത്തിലേക്ക് തിരിച്ചെത്തിയ എറിക്‌സണ്‍ പ്രീമിയര്‍ ലീഗ് ക്ലബായ ബ്രന്റ്‌ഫോര്‍ഡില്‍ എത്തുകയും മികച്ച പ്രകനടം പുറത്തെടുക്കുകയും ചെയ്തു. എറിക്‌സണെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനും താരത്തിന്റെ മുൻ ക്ലബായ ടോട്ടൻഹാമിനും താത്പര്യമുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഈ മാസം അവസാനത്തോടെ എറിക്സണിന്റെ ബ്രെന്റ്ഫോർഡുമായുള്ള കോൺട്രാക്ട് അവസാനിക്കുമെന്നതിനാൽ താരത്തിന്റെ ഭാവി കാര്യത്തിൽ വരുന്ന ആഴ്ചകളിൽ തീരുമാനമുണ്ടാകാനാണ് സാധ്യത.