ക്രിസ്ത്യൻ എറിക്സണ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഡെന്മാർക്ക് ഫുട്ബോള്‍ താരം ക്രിസ്ത്യൻ എറിക്സണ് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ഏതെങ്കിലുമൊരു പ്രീമിയര്‍ ലീഗ് ക്ലബിലായിരിക്കും താരത്തിന്റെ രണ്ടാം വരവെന്ന് മാര്‍ക്കയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്ന.
2021ല്‍ യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കാര്‍ഡിയാക് അറസ്റ്റ് കാരണം ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണതിന് ശേഷം എറിക്സണ് പിന്നീട് ഒരു ടീമിന് വേണ്ടിയും കളിച്ചിട്ടില്ല. കഴിഞ്ഞ മാസം താരവുമായുള്ള കരാർ ഇന്റർ മിലാൻ പരസ്പരധാരണയോടെ റദ്ദാക്കിയതിന് ശേഷം എറിക്സണ് ഫ്രീ ഏജന്റാണ്.
കാര്‍ഡിയാക് അറസ്റ്റിന് ശേഷം ഹൃദയമിടിപ്പിന്റെ വ്യതിയാനങ്ങൾ കൃത്യമാക്കാൻ വേണ്ടി ശരീരത്തിൽ ഘടിപ്പിക്കുന്ന ഉപകരണമായ ഇമ്പ്ലാന്റബിൾ കാർഡിയോവേർട്ടർ ഡീഫൈബറില്ലെറ്റർ എറിക്സൺ ഉപയോഗിക്കുന്നുണ്ട്. എന്നാൽ അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ ലീഗിൽ കളിക്കാൻ കഴിയില്ല എന്നാണ് സീരി എയുടെ നിലപാട്. അത് മൂലമാണ് എറിക്സണെ ഇന്റര്‍ മിലാന് റിലീസ് ചെയ്തത്.
ഏഴ് വര്‍ഷം പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന്റെ മധ്യനിരയിലെ താരമായിരുന്ന എറിക്സണ്, തന്റെ പഴയ ക്ലബ്ബിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ട്. താരത്തിന് വേണ്ടി പ്രീമിയര്‍ ലീഗിലെ പല ടീമുകളും രംഗത്തുണ്ടെന്നാണ് വിവരം.
ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിൽ ഡെന്മാർക്കിന് വേണ്ടി കളത്തിലിറങ്ങണമെന്നത് കൊണ്ടാണ് എറിക്സണ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നത്. ഇംഗ്ലണ്ടില്‍ വീണ്ടും കളിക്കുന്നത് എറിക്സണും കുടുംബത്തിനും വീട്ടിലേക്ക് തിരിച്ചുവന്നത് പോലുള്ള അനുഭവം സമ്മാനിക്കുമെന്ന് താരത്തിന്റെ ഏജന്റ് മാര്ട്ടിന് സ്കൂട്ട്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹൃദയത്തിന് ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം ഡെന്മാർക്കിൽ തന്റെ കുട്ടിക്കാലം ചിലവഴിച്ച ക്ലബായ ഒഡെൻസിനൊപ്പമായിരുന്നു എറിക്സണ് പരിശീലനം നടത്തിയത്.
2013 മുതല്‍ 2019 വരെ ടോട്ടന്‍ഹാമിന് വേണ്ടി കളിച്ച എറിക്സണ് 305 മത്സരങ്ങളിൽ സ്പര്‍സിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. പിന്നീട് ഇറ്റലിയിലെത്തിയ ഡെന്മാര്ക്ക് താരം ഇന്ററിന് വേണ്ടി 60 മത്സരങ്ങളിൽ കളത്തിലിറങ്ങി. 2010 മുതല്‍ ഡെന്മാര്ക്ക് ദേശീയ ടീമിലെയും താരമായ എറിക്സണ് അവർക്ക് വേണ്ടി 109 മത്സരങ്ങളിൽ നിന്ന് 36 ഗോളുകളും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.