ചെൽസി വിടാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയത്, ഇതൊരു പുതിയ തുടക്കത്തിനുള്ള ശരിയായ സമയമെന്ന് ആന്ദ്രെസ് ക്രിസ്റ്റൻസെൻ


ആരാധകർക്ക് വിടവാങ്ങൽ സന്ദേശമയച്ച് ചെൽസി വിട്ട് ബാഴ്സലോണയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ഡാനിഷ് പ്രതിരോധതാരമായ ആന്ദ്രെസ് ക്രിസ്റ്റൻസെൻ. പത്തു വർഷമായി ചെൽസിക്കൊപ്പം തുടരുന്ന താരം കരാർ അവസാനിച്ച് ഫ്രീ ഏജന്റായാണ് ക്ലബിൽ നിന്നും പുറത്തു പോകുന്നത്.
കരാർ അവസാനിക്കുന്ന താരത്തിന് രണ്ടു തവണ അതു പുതുക്കാനുള്ള ഓഫറുകൾ ചെൽസി നൽകിയിരുന്നു. എന്നാൽ അതു രണ്ടും തള്ളിയതിനെ തുടർന്ന് ആരാധകരിൽ നിന്നും കടുത്ത വിമർശനം താരം ഏറ്റു വാങ്ങുകയും ചെയ്തു. അതേസമയം ചെൽസിയും ആരാധകരും തനിക്ക് പ്രിയപ്പെട്ടവരാണെന്നും ക്ലബ് വിടാനുള്ള തീരുമാനം വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്നുമാണ് ആന്ദ്രെസ് ക്രിസ്റ്റൻസെൻ പറയുന്നത്.
"ഈ ക്ലബിൽ മനോഹരമായ പത്തു വർഷങ്ങൾ പൂർത്തിയാക്കിയ ശേഷം, ഇതാണ് എനിക്കും എന്റെ കുടുംബത്തിനും പുതിയൊരു തുടക്കം കുറിക്കാൻ ശരിയായ സമയമെന്ന് ഞാൻ കരുതുന്നു. മാനസികമായി കഴിഞ്ഞ ഏതാനും മാസങ്ങൾ വളരെ കടുപ്പമേറിയ ഒന്നായിരുന്നു. കാരണം ഈ ക്ലബിനെയും ആരാധകരെയും വിട്ടു പോവുകയെന്നത് എളുപ്പമുള്ള തീരുമാനമല്ല."
"ഞാൻ വളരെയധികം സംസാരിക്കുന്ന ഒരാളല്ല, അതിനാൽ തന്നെ ഈ ക്ലബും അതിന്റെ ആരാധകരും എനിക്കെത്ര വിലപ്പെട്ട ഒന്നാണെന്ന് ആളുകൾക്ക് അറിയാൻ സാധ്യതയില്ല. ഇവിടുത്തെ കളിക്കാരെയും സ്റ്റാഫുകളെയും എല്ലാവരെയും എനിക്ക് മിസ് ചെയ്യും. ഈ ക്ലബിനും ആരാധകർക്കും ഭാവിയിൽ ഏറ്റവും നല്ലത് സംഭവിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു." ക്രിസ്റ്റൻസെൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
2012ൽ ചെൽസി അക്കാദമിയിൽ ചേർന്ന ക്രിസ്റ്റൻസെൻ 160 മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്. ചെൽസിക്കു വേണ്ടി പ്രീമിയർ ലീഗ് നേട്ടത്തിൽ പങ്കാളിയാവാൻ കഴിഞ്ഞിട്ടില്ലെങ്കിലും ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, യുവേഫ സൂപ്പർകപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിങ്ങനെ നാല് പ്രധാന കിരീടങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.