Football in Malayalam

പിഴവുകൾ തുടർക്കഥയാവുന്നു, മെസി മുന്നിലെത്തിച്ചിട്ടും ചിലിക്കെതിരെ സമനില വഴങ്ങി അർജന്റീന

Sreejith N
Argentina v Chile: Group A - Copa America Brazil 2021
Argentina v Chile: Group A - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

കഴിഞ്ഞ രണ്ടു മത്സരത്തിലും സംഭവിച്ച പിഴവുകൾ ഒരിക്കൽക്കൂടി ആവർത്തിച്ചപ്പോൾ കോപ്പ അമേരിക്ക ടൂർണമെന്റിൽ തങ്ങളുടെ ആദ്യമത്സരത്തിൽ സമനില വഴങ്ങി അർജന്റീന. ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും സുവർണാവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിലും ചിലിയെക്കാൾ മുന്നിലായിരുന്നെങ്കിലും അത് മുതലെടുക്കാനാവാതെ പോയതും നേടിയ ഗോൾ പ്രതിരോധിക്കാൻ കഴിയാൻ പരാജയപ്പെട്ടതും മൂലമാണ് അർജന്റീനക്ക് സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നത്. അതേസമയം അർജന്റീനയുടെ ആക്രമണങ്ങളെ ആത്മാർത്ഥമായ പ്രകടനം കൊണ്ട് സമർത്ഥമായി തടയാൻ ചിലിക്ക് കഴിഞ്ഞു.

സ്വാഭാവികമായ പതിഞ്ഞ താളത്തിലാണ് കളിച്ചിരുന്നതെങ്കിലും തുടക്കം മുതൽ തന്നെ അർജന്റീന ചിലി ഗോൾമുഖത്ത് അപകടം വിതച്ചിരുന്നു. ആദ്യ ഇരുപതു മിനുട്ടിൽ തന്നെ നിക്കോ ഗോൺസാലസ് ബ്രാവോയുടെ കൈകളിലേക്ക് അടിച്ചു നൽകിയ ഗോൾഡൻ ചാൻസുൾപ്പെടെ നാലോളം അവസരങ്ങളാണ് അർജന്റീന സൃഷ്ടിച്ചെടുത്തത്. മറുവശത്ത് അലക്‌സിസ് സാഞ്ചസിന്റെ അഭാവത്തിലും പ്രത്യാക്രമണങ്ങളിലൂടെ എമിലിയാനോ മാർട്ടിനസിനെ പരീക്ഷിക്കാൻ ചിലിക്കും കഴിഞ്ഞു.

അർജന്റീനയുടെ ആധിപത്യത്തിന് ഫലം നൽകി മുപ്പത്തിമൂന്നാം മിനുട്ടിലാണ് മെസി ടീമിനെ മുന്നിലെത്തിക്കുന്നത്. ലോ സെൽസോയെ പുൾഗർ വീഴ്ത്തിയതിനു ലഭിച്ച ഫ്രീ കിക്ക് മെസി ടോപ് കോർണറിലേക്ക് മനോഹരമായി തിരിച്ചു വിട്ടത് കഴിവിന്റെ പരമാവധിയുപയോഗിച്ച് ബ്രാവോ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനു പിന്നാലെ ലീഡുയർത്താൻ ലഭിച്ച മറ്റൊരു സുവർണാവസരം ലൗടാരോ മാർട്ടിനസ് പുറത്തേക്കടിച്ചു കളയുകയായിരുന്നു.

ഒരു ഗോളിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിക്കിറങ്ങിയ അർജന്റീനയുടെ മുന്നേറ്റങ്ങൾ പതുക്കെയായപ്പോൾ മറുവശത്ത് ചിലി ആക്രമണങ്ങൾ സംഘടിപ്പിക്കുകയും അതിന്റെ ഫലമായി മത്സരത്തിൽ ഒപ്പമെത്തുകയും ചെയ്‌തു. വിദാലിനെ ക്വാർട്ട ബോക്‌സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി എമിലിയാനോ മാർട്ടിനസ് സേവ് ചെയ്‌തെങ്കിലും റീബൗണ്ടിലൂടെ വർഗാസ് വലകുലുക്കുകയായിരുന്നു.

ഗോൾ വഴങ്ങിയതോടെ ഡി മരിയ, പലാസിയോസ് എന്നീ താരങ്ങളെ കളത്തിലിറക്കി ആക്രമണങ്ങൾ വർധിപ്പിച്ച അർജന്റീന നിരവധി തവണ ഗോളിനടുത്തെത്തിയെങ്കിലും അവസരങ്ങൾ മുതലാക്കുന്നതിൽ താരങ്ങൾ പരാജയപ്പെട്ടു. അഗ്യൂറോ, കൊറേയ എന്നീ താരങ്ങളെയും അവസാന മിനിറ്റുകളിൽ പരീക്ഷിച്ചെങ്കിലും ചിലി പ്രതിരോധത്തെയും ഗോൾകീപ്പർ ബ്രാവോയെയും മറികടക്കാൻ അർജന്റീനക്ക് കഴിഞ്ഞില്ല.

കോപ്പ അമേരിക്കക്കു മുൻപ് നടന്ന രണ്ടു ലോകകപ്പ് യോഗ്യത മത്സരമുൾപ്പെടെ തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് അർജന്റീന മുന്നിലെത്തിയതിനു ശേഷം സമനില വഴങ്ങുന്നത്. ആക്രമണങ്ങൾ സംഘടിപ്പിക്കാൻ ടീമിന് കഴിയുന്നുണ്ടെങ്കിലും അത് കൃത്യമായി മുതലെടുക്കാൻ മുന്നേറ്റനിരക്കും നേടിയ ഗോൾ പ്രതിരോധിക്കാൻ ഡിഫെൻഡേഴ്‌സിനും കഴിയുന്നില്ലെന്ന പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇത്തവണയും കിരീടം അർജന്റീനക്ക് സ്വപ്നം മാത്രമാകും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit