കുട്ടിക്കാലത്തെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു; സുനിൽ ഛേത്രിക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചതിനെ കുറിച്ച് പ്രഭീര്‍ ദാസ്

ബംഗളൂരു എഫ്.സി യിലേക്ക് ചേക്കേറിയതോടെ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ഒപ്പം കളിയ്ക്കാൻ അവസരം കൈവന്ന പ്രഭീര്‍ ദാസ് മനസുതുറക്കുന്നു. കുട്ടിക്കാലത്ത് കണ്ട സ്വപ്‌നം യാഥാര്‍ഥ്യമാകുകയാണെന്നാണ് പ്രഭീര്‍ ദാസ് ഛേത്രിക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചതിനെ വിശേഷിപ്പിച്ചത്. ഏതാനും ദിവസം മുന്‍പായിരുന്നു എ.ടി.കെ താരമായിരുന്ന പ്രഭീര്‍ ദാസ് ബംഗളൂരു എഫ്.സിയിലെത്തിയത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിനോട് സംസാരിക്കുന്നതിനിടെയാണ് പ്രഭീര്‍ ഇക്കാര്യം പങ്കുവെച്ചത്. ഛേത്രിക്കൊപ്പം ഡ്രസിങ് റൂം പങ്കിടുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രഭീര്‍ ഇത്തരത്തില്‍ മറുപടി പറഞ്ഞത്. "സുനില്‍ ഭായിക്കൊപ്പം ഡ്രസിങ് റൂം പങ്കിടുക എന്നത് എന്റെ കുട്ടിക്കാല സ്വപ്‌നമായിരുന്നു. അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തിനൊപ്പം കളിക്കുന്നതും പരിശീലനം ചെയ്യുന്നതും എല്ലാ ഫുട്‌ബോള്‍ കളിക്കാരുടെയും ആഗ്രഹമാണ്," പ്രഭീര്‍ ദാസ് വ്യക്തമാക്കി.
"ഭാഗ്യവശാല്‍ എനിക്ക് ആ അവസരം ലഭിക്കാന്‍ പോകുന്നു. ഛേത്രിയില്‍ നിന്നും ഗുര്‍പ്രീത് ഭായിയില്‍ നിന്നും എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. സുനില്‍ ഭായിയുടെ കൂടെ അധിക സമയം ഇരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല," പ്രഭീര്‍ കൂട്ടിച്ചേര്‍ത്തു.
2020 മുതല്‍ ബംഗളൂരു എഫ്‌സിയിലേക്ക് ചേക്കേറുന്നത് വരെ എ.ടി.കെ മോഹന്‍ ബഗാന്റെ താരമായിരുന്ന പ്രഭീര്‍ ദാസ് അവർക്ക് വേണ്ടി39 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന് വേണ്ടി പന്തുതട്ടി തുടങ്ങിയ പ്രഭീര്‍ ഇപ്പോള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെയും അംഗമാണ്.