Football in Malayalam

റഫറിയടക്കമുള്ളവർ ഫൈനലിൽ ബ്രസീലിനെ സഹായിക്കും, അർജന്റീനക്ക് മുന്നറിയിപ്പു നൽകി പാരഗ്വായ് ഇതിഹാസം ചിലാവർട്ട്

Sreejith N
Argentina v Colombia: Semifinal - Copa America Brazil 2021
Argentina v Colombia: Semifinal - Copa America Brazil 2021 / Pedro Vilela/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനക്ക് ബ്രസീലിനെ മാത്രം തോൽപ്പിച്ചാൽ മതിയാകില്ലെന്നും റഫറിയടക്കമുള്ള ഒഫിഷ്യൽസ് കാനറികൾക്ക് അനുകൂലമായി എടുക്കുന്ന തീരുമാനങ്ങളെയും മറികടക്കേണ്ടി വരുമെന്ന മുന്നറിയിപ്പു നൽകി പരാഗ്വയുടെ ഇതിഹാസ താരമായ ലൂയിസ് ചിലാവർട്ട്. മത്സരത്തിൽ ബ്രസീലിനെ റഫറി സഹായിക്കാതിരിക്കാൻ മെസി നാലോ അഞ്ചോ ഗോളുകൾ അടിക്കണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും ചിലാവർട്ട് വ്യക്തമാക്കി.

"മെസിയുടെ ടീമും അദ്ദേഹത്തിന്റെ സഹതാരങ്ങളും ബ്രസീലിയൻ ടീം, നെയ്‌മർ, വീഡിയോ അസിസ്റ്റന്റ് റഫറി, റഫറി എന്നിവരെയെല്ലാം തോൽപ്പിക്കാൻ തയ്യാറായിരിക്കണം." റേഡിയോ കോണ്ടിനെന്റലിനോട് സംസാരിക്കുമ്പോൾ ചിലാവർട്ട് പറഞ്ഞു.

"കോൺമെബോൾ വളരെ മോശമാണ്. പാരഗ്വായ്-പെറു മത്സരത്തിൽ എടുത്ത തെറ്റായ തീരുമാനങ്ങൾ കണക്കാക്കാതെ അവർ ഫൈനൽ മത്സരം നിയന്ത്രിക്കാൻ ഓസ്‌റ്റോജിച്ചിനെ തിരഞ്ഞെടുത്തു. വളരെ മോശമായിരുന്ന അദ്ദേഹം പാരഗ്വായ് നായകൻ ഗുസ്താവോ ഗോമസിനെ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കി. അതിനു ശേഷം അദ്ദേഹം ഒരു പെറു താരത്തെയും പുറത്താക്കിയിരുന്നു."

"മെസി മൂന്നോ നാലോ ഗോളുകൾ നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സംശയകരമായ സാഹചര്യം വരുകയാണെങ്കിൽ അവർ ആതിഥേയരെ സഹായിക്കും. മെസിയുടെ ജീനിയസും അദ്ദേഹത്തിന്റെ സഹതാരങ്ങളും ആയിരം ശതമാനം മികവു പുറത്തെടുക്കണം." ചിലാവർട്ട് പറഞ്ഞു.

നിരവധി ഗോളുകൾ പരാഗ്വായ്ക്കു വേണ്ടി കുറിച്ച് ചരിത്രമെഴുതിയിട്ടുള്ള മുൻ ഗോൾകീപ്പർ അർജന്റീനിയൻ ഗോളിയായ എമിലിയാനോ മാർട്ടിനസിനെയും പ്രശംസിച്ചു. ഒരു ഗോൾകീപ്പർക്കു വേണ്ട എല്ലാ ഗുണങ്ങളുമുള്ള മാർട്ടിനസ് അതുകൊണ്ടാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്നതെന്നു പറഞ്ഞ ചിലാവർട്ട് കൊളംബിയക്കെതിരായ ഷൂട്ടൗട്ടിനു മുൻപ് താരം കാണിച്ച ആത്മവിശ്വാസത്തെ പ്രശംസിക്കുകയും ചെയ്‌തു.

facebooktwitterreddit