അർജന്റീനക്കെതിരായ മത്സരത്തോടെ ദേശീയ ടീമിനോട് കില്ലിനി വിടപറയുന്നു


ഇറ്റലിയുടെ പ്രതിരോധതാരവും ടീമിന്റെ നായകനുമായ ജോർജിയോ കില്ലിനി ദേശീയ ടീമിൽ നിന്നും വിരമിക്കാൻ തയ്യാറെടുക്കുന്നു. ജൂണിൽ അർജന്റീനക്കെതിരെ നടക്കുന്ന മത്സരത്തോടെ ഇറ്റാലിയൻ ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്ന് കില്ലിനി സ്ഥിരീകരിച്ചു. കോപ്പ അമേരിക്ക, യൂറോപ്പ കപ്പ് ജേതാക്കൾ തമ്മിൽ നടക്കുന്ന ഫൈനലിസിമ പോരാട്ടത്തിലാണ് ഇറ്റലിയും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്നത്.
മുപ്പത്തിയേഴുകാരനായ കില്ലിനി കഴിഞ്ഞ സമ്മറിൽ നടന്ന യൂറോ കപ്പിൽ ഇറ്റലിക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ്. എന്നാൽ കഴിഞ്ഞ മാർച്ചിൽ നടന്ന ലോകകപ്പ് യോഗ്യത പ്ലേ ഓഫിൽ നോർത്ത് മാസിഡോണിയോട് അപ്രതീക്ഷിത തോൽവി വഴങ്ങി ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ ഇറ്റലി പുറത്തു പോയിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ ടീമിൽ നിന്നും വിരമിക്കാൻ കില്ലിനി തീരുമാനിച്ചത്.
What a legacy he's going to leave...
— BBC Sport (@BBCSport) April 26, 2022
The legend that is Giorgio Chiellini will retire from international football after Italy play Argentina at Wembley in June.#BBCFootball
"എനിക്ക് കുഴപ്പമൊന്നുമില്ലെങ്കിൽ ഞാനെന്റെ കരിയറിലെ ഏറ്റവും ഉന്നതിയിലെത്തിയ വെംബ്ലിയിൽ നടക്കുന്ന മത്സരത്തിൽ കളിക്കുകയും അതിനു ശേഷം ദേശീയ ടീമിനോട് വിടപറയുകയും ചെയ്യും. അർജന്റീന ടീമിനെതിരെ നടക്കുന്ന ഇതുപോലെയൊരു സുപ്രധാന മത്സരത്തിൽ കളിച്ച് ഇറ്റലി ജേഴ്സിയോട് വിടപറയാൻ കഴിയുന്നത് മഹത്തായ കാര്യമാണ്. ദേശീയ ടീമിനൊപ്പം ഇത് അവസാനത്തെ സമയമാണ്." കില്ലിനി ഡിഎസെഡ്എന്നിനോട് പറഞ്ഞു.
ഫിയോറെന്റീനയിൽ കളിച്ചു കൊണ്ടിക്കെ, 2004ൽ തന്റെ ഇരുപതാം വയസിലാണ് കില്ലിനി ഇറ്റലി ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. 2006ൽ ഇറ്റലി ലോകകപ്പ് കിരീടം നേടിയതിനു ശേഷം ടീമിൽ മാറ്റങ്ങൾ വന്നതോടെ ദേശീയടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ കില്ലിനി ഇറ്റലിക്കു വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരങ്ങളിൽ ഒരാളാണ്. 116 മത്സരങ്ങൾ അസൂറിപ്പടക്ക് വേണ്ടി കളിച്ചിട്ടുള്ള കില്ലിനിയുടെ ഏറ്റവും വലിയ നേട്ടം യൂറോ കിരീടം തന്നെയാണ്.
2012ൽ ഇറ്റലിയുടെ നായകനായ കില്ലിനിക്കു പക്ഷെ കഴിഞ്ഞ രണ്ടു ലോകകപ്പിലും ടീമിന് യോഗ്യത നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നത് കരിയറിലെ വലിയ നിരാശയാണ്. ദേശീയ ടീമിൽ നിന്നും വിരമിച്ചാലും ക്ലബ് കരിയറിൽ തുടരാനാണ് നിലവിൽ യുവന്റസ് പ്രതിരോധതാരമായ കില്ലിനിയുടെ തീരുമാനം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.