Football in Malayalam

ലുക്കാക്കുവിനോട് ഇറ്റലിക്കു ബഹുമാനമുണ്ടെന്ന് കില്ലിനി, യുവന്റസ് കരാർ പൂർത്തിയായതിനെക്കുറിച്ചും ഇറ്റാലിയൻ താരം

Sreejith N
Juventus v FC Internazionale - Coppa Italia
Juventus v FC Internazionale - Coppa Italia / Jonathan Moscrop/Getty Images
facebooktwitterreddit

ഇക്കഴിഞ്ഞ സീസണിൽ അതിഗംഭീര പ്രകടനം നടത്തി ഇന്റർ മിലാനെ സീരി എ ചാമ്പ്യന്മാരാക്കിയ റൊമേലു ലുക്കാക്കുവിനെ ഇറ്റലി ബഹുമാനിക്കുന്നുണ്ടെന്ന് പ്രതിരോധതാരം ജോർജിനോ കില്ലിനി. ഇന്നു രാത്രി നടക്കാനിരിക്കുന്ന യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇറ്റലിയും ബെൽജിയവും തമ്മിൽ ഏറ്റുമുട്ടാനിരിക്കെയാണ് യുവന്റസ് പ്രതിരോധതാരം ഇക്കാര്യം വെളിപ്പെടുത്തിയത്. ലയണൽ മെസിക്ക് സമാനമായി യുവന്റസ് കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയതിനെ കുറിച്ചും താരം വെളിപ്പെടുത്തി.

യൂറോയിൽ ഇതുവരെ നടന്ന എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇറ്റലിയും ബെൽജിയവും ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുന്നത്. ടൂർണമെന്റിലിതുവരെ ഏറ്റവും മികച്ച ഫോമിൽ കളിച്ച ടീമുകളിൽ ഒന്നാണ് ഇറ്റലിയെങ്കിലും പതിനൊന്നു വർഷത്തിനു ശേഷം ഇന്ററിനു സീരി എ കിരീടം സമ്മാനിച്ച റൊമേലു ലുക്കാക്കു മത്സരത്തിൽ ടീമിന് തലവേദന സമ്മാനിക്കുമെന്നും ബെൽജിയൻ നിരയിൽ ലുക്കാക്കുവിനെ മാത്രമല്ല ശ്രദ്ധിക്കേണ്ടതെന്നും കില്ലിനി പറഞ്ഞു.

"വളരെ ഗംഭീരമായൊരു സീസൺ ഇന്റർ മിലാനൊപ്പം പൂർത്തിയാക്കിയ ലുക്കാക്കുവിനോട് ഞങ്ങൾക്ക് വളരെയധികം ബഹുമാനമുണ്ട്. എന്നാൽ ലുക്കാക്കുവിനെ മാത്രമാണ് ബെൽജിയത്തിൽ ശ്രദ്ധിക്കേണ്ടതെന്നു പറയുന്നത് അദ്ദേഹത്തിന്റെ സഹതാരങ്ങളെ പ്രകോപിപ്പിക്കുന്നതിനു തുല്യമാണ്. അവരെല്ലാം മികച്ച താരങ്ങളാണ്. എല്ലാ ദിവസത്തെയും പോലെ ഞങ്ങളിതിനും തയ്യാറെടുക്കും." കില്ലിനി പറഞ്ഞു.

കരാർ സംബന്ധിച്ച് ബാഴ്‌സലോണയിൽ ലയണൽ മെസിക്ക് സമാനമായ സാഹചര്യമാണ് യുവന്റസിൽ കില്ലിനിക്കുള്ളത്. നിലവിൽ ഇറ്റാലിയൻ ക്ലബുമായുള്ള കരാർ അവസാനിച്ച്‌ ഫ്രീ ഏജന്റായ വെറ്ററൻ താരത്തിന് യൂറോ കപ്പിനു ശേഷം ഒരു വർഷത്തെ കരാർ കൂടി ഇറ്റാലിയൻ ക്ലബ് നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേക്കുറിച്ചും കില്ലിനി പ്രതികരിച്ചു.

"മെസിയെപ്പോലെ തന്നെ ക്ലബുമായുള്ള കരാർ പൂർത്തിയായ സാഹചര്യം? ഞങ്ങൾ രണ്ടു പേരും ഇടംകാലന്മാരാണെന്ന സാമ്യതയുമുണ്ട്. ഇതെല്ലാം ഒരു അസാധാരണമായ വർഷം നൽകിയ മാറ്റങ്ങളാണ്. ഞാനതെക്കുറിച്ച് ചിന്തിക്കാതെ വളരെ ശാന്തമായാണു തുടരുന്നത്." കില്ലിനി വ്യക്തമാക്കി.

facebooktwitterreddit