ക്രിസ്റ്റ്യാനോ റൊണാൾഡോ കുറച്ച് കൂടി നേരത്തെ യുവന്റസിൽ നിന്ന് പോകേണ്ടിയിരുന്നുവെന്ന് ജ്യോർജിയോ കില്ലിനി

By Gokul Manthara
FBL-ITA-SERIEA-LAZIO-JUVENTUS
FBL-ITA-SERIEA-LAZIO-JUVENTUS / ANDREAS SOLARO/GettyImages
facebooktwitterreddit

കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'പെട്ടെന്നുള്ള' തീരുമാനം യുവന്റസിനെ ഞെട്ടിച്ചതായും അതിന്റെ തിരിച്ചടി ക്ലബ്ബ് നേരിട്ടതായും പ്രതിരോധ സൂപ്പർ താരം ജ്യോർജിയോ കില്ലിനി. റൊണാൾഡോ കുറച്ച് കൂടി നേരത്തെ പോയിരുന്നുവെങ്കിൽ അത് യുവന്റസിനെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നേനെയെന്ന് ചൂണ്ടിക്കാട്ടുന്ന കില്ലിനി, അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ തങ്ങൾക്ക് നന്നായി തയ്യാറാകാൻ സമയം ലഭിക്കുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

"ഇവിടെ യുവന്റസിൽ പുനരാരംഭത്തിന്റേയും പുനരുജ്ജീവനത്തിന്റേയും പരിപാടി തുടങ്ങി. റൊണാൾഡോ ഇവിടെ തുടർന്നിരുന്നുവെങ്കിൽ അവൻ ഒരു അധിക മൂല്യമാകുമായിരുന്നു, എന്നാൽ അവൻ ഭാവിയേക്കാൾ വർത്തമാനത്തെക്കുറിച്ച് ചിന്തിക്കുന്നത് സ്വാഭാവികമാണ്," താരം പറഞ്ഞു.

"റൊണാൾഡോ ഇവിടം വിട്ടത് ഓഗസ്റ്റ് 28നാണ്. അദ്ദേഹം കുറച്ച് കൂടി നേരത്തെ പോയിരുന്നുവെങ്കിൽ അത് ഞങ്ങൾക്ക് നല്ലതായിരുന്നു. ഞങ്ങൾക്ക് അതിന് (റൊണാൾഡോയുടെ വിടവാങ്ങലിന്) വില കൊടുക്കേണ്ടി വന്നു, ഞങ്ങൾക്ക് അത് ഞെട്ടൽ സമ്മാനിച്ചു, പോയിന്റിന്റെ രൂപത്തിൽ അതിന് വില കൊടുക്കേണ്ടി വന്നു. അദ്ദേഹം നേരത്തെ പോയിരുന്നുവെങ്കിൽ ഞങ്ങൾക്ക് നന്നായി തയ്യാറാകാൻ സമയമുണ്ടാകുമായിരുന്നു," ഡി എ ഇസഡ് എന്നിനോട് സംസാരിക്കവെ കില്ലിനി വ്യക്തമാക്കി.

അതേ സമയം 2018ൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്കെത്തിയ റൊണാൾഡോ മൂന്ന് സീസണുകളിൽ അവർക്കായി കളിച്ചതിന് ശേഷമാണ് ക്ലബ്ബ് വിട്ടത്. യുവന്റസിനായി മൊത്തം 134 മത്സരങ്ങളിൽ ബൂട്ടു കെട്ടിയ റോണോ 101 ഗോളുകൾ നേടിയതിനൊപ്പം 22 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.


facebooktwitterreddit