Football in Malayalam

ഈ വർഷത്തെ ബാലൺ ഡി ഓർ ആരു നേടണമെന്ന കാര്യത്തിൽ തന്റെ അഭിപ്രായം പറഞ്ഞ് കില്ലിനി

Sreejith N
Italy v England - UEFA Euro 2020: Final
Italy v England - UEFA Euro 2020: Final / Claudio Villa/Getty Images
facebooktwitterreddit

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ആരു നേടണമെന്ന കാര്യത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ച് യുവന്റസിന്റെയും ഇറ്റലിയുടെയും പ്രതിരോധ താരമായ ജോർജിയോ കില്ലിനി. ലോകഫുട്‍ബോളിലെ തന്നെ പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്നായ ബാലൺ ഡി ഓർ ഇറ്റാലിയൻ ടീമിലെ തന്റെ സഹതാരമായ ജോർജിന്യോ നേടാനാണ് തന്റെ ആഗ്രഹമെന്നാണ് കില്ലിനി പറയുന്നത്.

കഴിഞ്ഞ സീസണിൽ ചെൽസിക്കു ചാമ്പ്യൻസ് ലീഗും ഇറ്റലിക്ക് യൂറോ കിരീടവും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച കളിക്കാരനായ ജോർജിന്യോ ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നവരിൽ മുൻനിരയിൽ തന്നെയുണ്ട്. അർജന്റീനയെ കോപ്പ അമേരിക്ക വിജയത്തിലേക്ക് നയിച്ച ലയണൽ മെസിയും ബാലൺ ഡി ഓർ നേടാൻ സാധ്യതയുള്ള പേരുകളിൽ ഒന്നാണെങ്കിലും അത് ചെൽസി താരം നേടണമെന്നാണു തന്റെ ആഗ്രഹമെന്ന് കില്ലിനി പറഞ്ഞു.

"ജോർജിന്യോക്ക് അതു നേടാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്, താരം എന്റെ നല്ലൊരു സുഹൃത്താണ്. എന്റെ സ്വന്തം അവാർഡ് പോലെയാവും എനിക്കതു തോന്നുക. ഞങ്ങളുടെ ഹൃദയത്തിൽ എപ്പോഴുമുണ്ടാകുന്ന വിജയത്തിലും വികാരത്തിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു. ജോർജിന്യോ നല്ലൊരു കളിക്കാരനാണെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നെങ്കിലും ആദ്യ പരിശീലന സെഷനുകൾ കഴിഞ്ഞപ്പോൾ അതെനിക്ക് കൂടുതൽ ബോധ്യമാവുകയും താരം നല്ലവനാണെന്ന് വ്യക്തമാവുകയും ചെയ്‌തു."

"ജോർജിന്യോക്ക് വളരെയധികം സാങ്കേതികമായ ഗുണങ്ങളുണ്ട്. എന്നാൽ യഥാർത്ഥത്തിലുള്ള വ്യത്യാസം താരത്തിന്റെ തലക്കുള്ളിലാണുള്ളത്. പലരും പറഞ്ഞത് താരത്തിനു സാരിക്കു കീഴിലെ മികച്ച പ്രകടനം നടത്താൻ കഴിയൂവെന്നാണ്. എന്നാൽ എവിടെ പോയാലും താരം ആദ്യ ഇലവനിലെ സാന്നിധ്യമാണ്. അദ്ദേഹം ബാലൺ ഡി ഓർ നേടുമെന്നാണ് എന്റെ വിശ്വാസം," ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കെ കില്ലിനി പറഞ്ഞു.


facebooktwitterreddit