Football in Malayalam

യൂറോ ഫൈനലിൽ അവസാന പെനാൽറ്റിയെടുക്കാൻ വന്ന സാക്കക്ക് 'ശാപം' നൽകി, വെളിപ്പെടുത്തലുമായി കില്ലിനി

Sreejith N
Italy v England - UEFA Euro 2020: Final
Italy v England - UEFA Euro 2020: Final / Facundo Arrizabalaga - Pool/Getty Images
facebooktwitterreddit

യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് വേണ്ടി അവസാനത്തെ പെനാൽറ്റിയെടുക്കാൻ വന്ന ബുകായോ സാക്കക്കു താൻ 'ശാപം' നൽകിയെന്നു വെളിപ്പെടുത്തി ഇറ്റാലിയൻ പ്രതിരോധ താരം ജോർജിയോ കില്ലിനി. അവസാന പെനാൽറ്റി സാക്ക എടുക്കുന്നതിനു മുൻപ് ഫുട്ബോൾ താരങ്ങൾ എതിരാളികൾക്ക് ദൗർഭാഗ്യം വരാൻ വേണ്ടി പ്രയോഗിക്കുന്ന 'കിരികോച്ചോ' എന്ന വാക്കാണ് കില്ലിനി ഉപയോഗിച്ചത്.

മത്സരത്തിനിടയിലെ ടിവി ദൃശ്യങ്ങൾ കണ്ട ആരാധകർ കില്ലിനി ഈ വാക്കുപയോഗിച്ചു എന്ന് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് ഇഎസ്‌പിഎൻ ചോദിച്ചപ്പോഴാണ് കില്ലിനി അക്കാര്യം സ്ഥിരീകരിച്ചത്. "ഹെലോ ക്രിസ്റ്റ്യൻ, എല്ലാം ശരിയാണെന്നു ഞാൻ ഉറപ്പിക്കുന്നു! കിരികോച്ചോ." ഇറ്റാലിയൻ താരം മറുപടിയായി പറഞ്ഞു.

1980കളിൽ അർജന്റീനിയൻ ക്ലബായ എസ്റ്റുഡിയാന്റസ് ഡി ലാ പ്ലാറ്റയുടെ ആരാധകനായിരുന്നു യുവാൻ കാർലോസ് കിരികോച്ചോ. കുട്ടിയായിരുന്ന ഇയാൾ സ്ഥിരമായി ക്ലബിന്റെ പരിശീലന സെഷനുകൾ കാണാൻ എത്തുന്നതിനിടെ ഒരിക്കൽ പരിശീലകനായ കാർലോസ് ബില്ലാർഡോയാണ് കിരികോച്ചോയുടെ സാമീപ്യമുള്ളപ്പോഴെല്ലാം തന്റെ താരങ്ങൾ പരിക്കേറ്റു പുറത്തു പോകുന്നതായി ശ്രദ്ധിച്ചത്.

ബില്ലാർഡോ ഉടൻ തന്നെ കിരികോച്ചോയെ വിളിച്ച് സ്വന്തം ടീമിന്റെ പരിശീലക സെഷനുകൾക്കു പകരം എതിരാളികളുടെ പരിശീലന സെഷനും മത്സരങ്ങളും സന്ദർശിക്കാൻ ആവശ്യപ്പെട്ടു. അതിനു ഫലവുമുണ്ടായി, അതിനടുത്ത വർഷങ്ങളിൽ എസ്റ്റുഡിയാന്റസ് കിരീടവിജയം നേടി. അന്നു ടീമിന്റെ പരിശീലകനായിരുന്ന ബില്ലാർഡോ തന്നെയാണ് പിന്നീട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ കഥക്ക് ഫുട്ബോൾ ലോകത്ത് വലിയ പ്രചാരം ലഭിച്ചതോടെയാണ് എതിരാളികളുടെ ദൗർഭാഗ്യത്തിനു വേണ്ടി 'കിരികോച്ചോ' എന്ന വാക്ക് ഫുട്ബോൾ താരങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്. എന്തായാലും കില്ലിനിയെ സംബന്ധിച്ച് ആ വാക്ക് ഉദ്ദേശിച്ച ഫലം തന്നെ ചെയ്‌തു. സാക്കയുടെ പെനാൽറ്റി തടഞ്ഞിട്ട് ഡോണറുമ്മ ഇറ്റലിയെ കിരീടവിജയത്തിലേക്ക് നയിച്ചു.

facebooktwitterreddit