Football in Malayalam

'ഭൂട്ടാനീസ് റൊണാൾഡോ'യെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്; ഔദ്യോഗിക പ്രഖ്യാപനമെത്തി

FIFA Preliminary Joint Qualification 2015 - Hong Kong vs Bhutan
FIFA Preliminary Joint Qualification 2015 - Hong Kong vs Bhutan / Power Sport Images/Getty Images
facebooktwitterreddit

എട്ടാം സീസൺ ഐ എസ് എല്ലിന് മുന്നോടിയായി തങ്ങളുടെ ഏഷ്യൻ വിദേശ താരത്തെ ടീമിലെത്തിച്ച് കേരളാ ‌ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ ഐലീഗ് ക്ലബ്ബായ റൗണ്ട് ഗ്ലാസ് പഞ്ചാബിന് വേണ്ടി കളിച്ച ചെഞ്ചോ ഗ്യെൽഷനെയാണ് ഏഷ്യൻ വിദേശ താരത്തിന്റെ ക്വോട്ടയിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. അല്പം മുൻപാണ് ക്ലബ്ബ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഭൂട്ടാനീസ് റൊണാൾഡോയെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഗ്യെൽഷനുമായി ഒരു വർഷത്തെ കരാറാണ് കേരളാ‌ ബ്ലാസ്റ്റേഴ്സ് ഒപ്പു വെച്ചിരിക്കുന്നത്. 2017ൽ മിനർവ്വ പഞ്ചാബിനായി കളിച്ചു കൊണ്ട് ഇന്ത്യൻ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച താരം, ക്ലബ്ബിനൊപ്പമുള്ള ആദ്യ സീസണിൽ 7 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കി അവരുടെ ഐ-ലീഗ് കിരീട നേട്ടത്തിന് പിന്നിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 2018ൽ ഐ എസ് എൽ ക്ലബ്ബായ ബെംഗളൂരു എഫ് സിയിലെത്തിയ താരം അവർക്കായി കളിച്ച 9 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ സ്കോർ ചെയ്തു. സുനിൽ ഛേത്രിയും, സിസ്കോ ഫെർണാണ്ടസുമുള്ളതിനാൽ ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിര സ്ഥാനം നേടാൻ കഴിയാതിരുന്ന ചെഞ്ചോ, വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ലോണടിസ്ഥാനത്തിൽ നെറോക്കയിലേക്ക് പോവുകയായിരുന്നു.

2019ൽ ഭൂട്ടാൻ ക്ലബ്ബായ പാറോ എഫ് സിയിൽ ചേർന്ന ചെഞ്ചോ ഒരു വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി. 2020ൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയിൽ ചേർന്ന താരം 7 ഗോളുകളും ഒരു അസിസ്റ്റുകളുമാണ് അവർക്കായി നേടിയത്. നിലവിൽ പഞ്ചാബ് എഫ്സിയുമായുള്ള കരാർ പരസ്പര ധാരണയോടെ റദ്ദാക്കിയാണ് താരം കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.

അതേ സമയം എട്ടാം സീസൺ ഐ എസ് എല്ലിന് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന അഞ്ചാമത്തെ വിദേശ താരമാണ് ചെഞ്ചോ. നേരത്തെ അഡ്രിയാൻ ലൂണ, എനസ് സിപോവിച്ച്, ജോർജ് പെരെര ഡയസ്, അൽവാരോ വാസ്ക്വേസ് എന്നീ വിദേശ താരങ്ങളുടെ സൈനിംഗുകളാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit