വിവാദ അഭിമുഖം: ലുക്കാക്കുവിന് പിഴ ചുമത്തി ചെല്‍സി

ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ വിവാദ അഭിമുഖത്തില്‍ ചെല്‍സി ബെല്‍ജിയന്‍ താരം റൊമേലു ലുക്കാക്കുവിന് പിഴ ചുമത്തി. അഞ്ചു ലക്ഷം യൂറോയാണ് ചെല്‍സി താരത്തിന് പിഴയായി ചുമത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ മാധ്യമമായ ലാ റിപ്പബ്ലിക്ക ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി സ്‌പോട്‌സ് ബൈബിള്‍ വ്യക്തമാക്കി. സ്‌കൈ ഇറ്റാലിയക്ക് നല്‍കിയ അഭിമുഖത്തില്‍ ലൂക്കാക്കു പരിശീലകന്‍ തോമസ് ടുഷേലിനെ വിമര്‍ശിച്ചിരുന്നു.
കൂടാതെ തനിക്ക് ഇന്റര്‍മിലാനിനേക്ക് തിരിച്ചു പോകാന്‍ ആഗ്രഹമുണ്ടെന്ന തരത്തിലും പ്രതികരിച്ചിരുന്നു. ഇതാണ് പിന്നീട് വിവാദമായി മാറിയത്. ഇതോടെ പരിശീലകന്‍ തോമസ് ടുഷേലും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിനെതിരേയുള്ള മത്സരത്തില്‍ നിന്ന് ലൂക്കാക്കുവിനെ മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.
പിന്നീട് ടുഷേലും ലുക്കാക്കുവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ലൂക്കാക്കു പരശീലകന്‍ ടുഷേലിനോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഏതാനും ദിവസമായി ചെല്‍സിയില്‍ നടന്നു കൊണ്ടിരിക്കുന്ന പുകച്ചിലിന് പരിഹാരമായത്. നാളെ നടത്തുന്ന ലീഗ് കപ്പില്‍ ടോട്ടനത്തിനെതിരേയുള്ള ചെല്‍സി ടീമില്‍ ലൂക്കാക്കു ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് ലൂക്കാക്കുവിന് പിഴ ശിക്ഷ വരുന്നത്.
നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിച്ചപ്പോഴായിരുന്നു ലുക്കാക്കു ഇത്തരത്തിലൊരു നടപടി നേരിട്ടത്. അന്ന് ക്ലബില്‍ അറിയിക്കാതെയും അനുമതി വാങ്ങാതെയും ബെല്‍ജിയത്തിലേക്ക് യാത്ര ചെയ്തതതിന് നാലു ലക്ഷം യൂറോയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലൂക്കാക്കുവിന് പിഴ ചുമത്തിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.