Football in Malayalam

ഡിബാലയെ വിൽക്കാനൊരുങ്ങി യുവന്റസ്; താരത്തിന് വേണ്ടി 48 മില്യൺ പൗണ്ട് നൽകാൻ തയ്യാറായി പ്രീമിയർ ലീഗിലെ രണ്ടു ക്ലബുകൾ

Sreejith N
FC Porto v Juventus  - UEFA Champions League Round Of 16 Leg One
FC Porto v Juventus - UEFA Champions League Round Of 16 Leg One / Quality Sport Images/Getty Images
facebooktwitterreddit

അടുത്ത സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന അർജന്റീനിയൻ മുന്നേറ്റനിര താരം പൗളോ ഡിബാലയെ വിൽക്കാൻ യുവന്റസ് ഒരുങ്ങുന്നു. 2015 മുതൽ യുവന്റസിനൊപ്പമുള്ള താരത്തിനായി 48 മില്യൺ പൗണ്ട് നൽകാൻ പ്രീമിയർ ലീഗ് ക്ലബുകളായ ചെൽസിയും ടോട്ടനവും രംഗത്തുണ്ടെന്നാണ് ഫ്രാൻസ് ഫുട്ബോളിനെ അടിസ്ഥാനമാക്കി സ്‌പോർട് വിറ്റ്നസ് റിപ്പോർട്ടു ചെയ്യുന്നത്.

ചാമ്പ്യൻസ് ലീഗിൽ പോർട്ടോയോട് പരാജയപ്പെട്ട് നേരത്തെ പുറത്തായ യുവന്റസിന് അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെയെത്തിച്ച് തയ്യാറെടുക്കണമെങ്കിൽ നിലവിലുള്ള കളിക്കാരിൽ ചിലരെ ഒഴിവാക്കേണ്ടത് നിർബന്ധമാണ്. ഇതുവരെയും കരാർ പുതുക്കാൻ തയ്യാറാവാത്ത ഡിബാലക്ക് പിർലോയുടെ പദ്ധതികളിൽ ഇടം കുറവാണെന്നതും താരത്തെ വിൽക്കാൻ യുവന്റസിനെ പ്രേരിപ്പിക്കുന്നു.

ഈ സീസണിൽ പതിനാറു മത്സരങ്ങൾ യുവന്റസിന് വേണ്ടി കളിച്ച ഡിബാല മൂന്നു ഗോളും രണ്ട് അസിസ്റ്റുമാണ് സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി മുതൽ ലിഗ്മെന്റിനേറ്റ പരിക്ക് മൂലം കളത്തിനു പുറത്തിരിക്കുന്ന അർജന്റീനിയൻ താരത്തിന്റെ അഭാവത്തിൽ റൊണാൾഡോ, ചിയേസ, മൊറാട്ട, കുലുസേവ്സ്കി എന്നിവരെയാണ് പിർലോ മുന്നേറ്റനിരയിൽ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

2019ൽ ടോട്ടനത്തിലേക്ക് ചേക്കേറുന്നതിന്റെ അരികിലെത്തിയ താരമാണ് ഡിബാല. എന്നാൽ ഇമേജ് അവകാശം സംബന്ധിച്ച പ്രശ്നങ്ങൾ മൂലം ആ ഡീൽ നടന്നില്ലെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ആ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ലുകാകുവിനെ നൽകി ഡിബാലയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡും നടത്തിയിരുന്നു.

ഡിബാലയെ വിട്ടുകൊടുക്കാൻ യുവന്റസിന് താൽപര്യമില്ലെങ്കിലും ക്ലബിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയാണ് മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതുകൂടാതെ ടീമിലെ വിലയേറിയ താരങ്ങളിൽ ഒരാളായ ഡിബാല അടുത്ത സീസണ് ശേഷം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുന്നത് ഒഴിവാക്കേണ്ടതും യുവന്റസിന്റെ ആവശ്യമാണ്. അതേസമയം ടോട്ടനത്തേക്കാൾ ഡിബാലയെ സ്വന്തമാക്കാൻ സാധ്യതയുള്ളത് ചെൽസിക്ക് തന്നെയാണ്.

facebooktwitterreddit