ഡി ജോംഗിനെ സ്വന്തമാക്കാനൊരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഭീഷണി, ചെൽസിക്കും താരത്തെ വേണം
By Sreejith N

ബാഴ്‌സലോണയുടെ ഡച്ച് മധ്യനിര താരമായ ഫ്രങ്കീ ഡി ജോംഗിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോഹങ്ങൾക്ക് ഭീഷണിയായി ചെൽസി രംഗത്ത്. സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ബാഴ്‌സലോണ വിൽക്കാൻ ആഗ്രഹിക്കുന്ന മുൻ അയാക്‌സ് താരത്തെ സ്വന്തമാക്കാൻ ചെൽസിക്കു താൽപര്യം ഉണ്ടെന്നാണ് ദി ഗാർഡിയൻ വെളിപ്പെടുത്തുന്നത്.
എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയതോടെയാണ് ഫ്രങ്കീ ഡി ജോംഗിനു വേണ്ടിയുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സജീവമായി ആരംഭിച്ചത്. ബാഴ്‌സക്കും താരത്തെ വിട്ടുകൊടുക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും കാറ്റലൻ ക്ലബിനൊപ്പം തുടരാനാണ് തനിക്കു താൽപര്യമെന്ന് ഫ്രങ്കീ ഡി ജോംഗ് വ്യക്തമാക്കിയതോടെ ട്രാൻസ്‌ഫർ നീക്കങ്ങൾ പ്രതിസന്ധിയിൽ നിൽക്കുകയാണ്.
Chelsea 'could GATECRASH Manchester United's move for Frenkie de Jong' 😲
— MailOnline Sport (@MailSport) July 2, 2022
A smart move for the Blues? 🤔 pic.twitter.com/W19pxPtfMX
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കങ്ങൾ ഒന്നുമാവാതെ നിൽക്കുന്ന സമയത്താണ് താരത്തിനു വേണ്ടി ചെൽസിയും നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. ചെൽസി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ടീമാണെന്നതിനാൽ അവരുടെ ഓഫർ ഡി ജോംഗ് പരിഗണിക്കാൻ സാധ്യതയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു വെച്ചതിനേക്കാൾ മികച്ച ഓഫർ ചെൽസി നൽകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അയാക്‌സിൽ കളിച്ചിരുന്ന സമയത്തു തന്നെ ഡി ജോംഗിനെ ചെൽസി നോട്ടമിട്ടിരുന്നുവെങ്കിലും താരത്തെ ബാഴ്‌സലോണ റാഞ്ചുകയായിരുന്നു. ഈ സീസണിൽ ക്രിസ്റ്റൻസെൻ, റുഡിഗർ, ലുക്കാക്കു എന്നിവരെ നഷ്‌ടമാവുകയും ആസ്പ്ലികുയറ്റ, അലോൺസോ എന്നിവർ ക്ലബ് വിടാൻ സാധ്യതയും ഉള്ളതിനാൽ ടീമിൽ പുതിയ താരങ്ങളെ എത്തിക്കേണ്ടത് അനിവാര്യമാണ് എന്നതിനാലാണ് ചെൽസി ഡി ജോംഗിനായി ശ്രമം നടത്തുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.