ഈഡൻ ഹസാർഡ് ചാമ്പ്യൻസ് ലീഗ് നേടി, റയൽ മാഡ്രിഡിൽ നിന്ന് ചെൽസിക്ക് ലഭിക്കുക 15 മില്യൺ പൗണ്ട്

റയല്‍ മാഡ്രിഡാണ് ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതെങ്കിലും അതിന്റെ ഗുണം ചെല്‍സിക്കും ലഭിക്കും. റയലിന്റെ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെ ചെല്‍സിക്ക് 15 മില്യന്‍ പൗണ്ട് ലഭിക്കുമെന്നാണ് വിവരം.
2019ല്‍ ചെല്‍സിയില്‍ നിന്ന് റയല്‍ മാഡ്രിഡിലെത്തിയ ഈഡൻ ഹസാർഡിന്റെ കരാറിലുണ്ടായിരുന്ന വ്യവസ്ഥ പ്രകാരമാണ് ചെല്‍സിക്ക് 15 മില്യന്‍ പൗണ്ട് ലഭിക്കുകയെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ചാംപ്യന്‍സ് ലീഗില്‍ ഈ സീസണിൽ റയല്‍ മാഡ്രിഡിന് വേണ്ടി 83 മിനുട്ട് മാത്രമേ ഹസാര്‍ഡ് കളിച്ചിട്ടുള്ളു. ലിവര്‍പൂളിനെതിരെയുള്ള ഫൈനലിലും ഹസാര്‍ഡ് കളത്തിലിറങ്ങിയിരുന്നില്ല. മൂന്ന് മത്സരങ്ങളിലാണ് താരം റയലിന് വേണ്ടി ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിച്ചത്. ഹസാർഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതോടെയാണ് ചെല്‍സിക്ക് 15 മില്യന്‍ പൗണ്ട് ലഭിക്കുക.
2019ല്‍ 103 മില്യന്‍ പൗണ്ട് നല്‍കിയായിരുന്നു ഹസാര്‍ഡിനെ വലിയ പ്രതീക്ഷകളോടെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. എന്നാല്‍ പരുക്കും ഫോമില്ലായ്മയും കാരണം പ്രതീക്ഷിച്ചത്ര പ്രകടനം ഹസാര്‍ഡിന് പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് വര്‍ഷത്തിനിടെ 66 മത്സരം മാത്രമാണ് ഹസാര്‍ഡ് റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ളു. ഇതില്‍ നിന്ന് ആറു ഗോള്‍ മാത്രമാണ് ബെല്‍ജിയന്‍ താരത്തിന്റെ സമ്പാദ്യം. നിലവിൽ 2024 വരെയാണ് ഹസാർഡിന് റയൽ മാഡ്രിഡുമായുള്ള കരാർ.