റഹീം സ്റ്റെർലിംഗിനു പിന്നാലെ മാഞ്ചസ്റ്റർ സിറ്റിയുടെ നതാൻ ആകെക്കായി ശ്രമങ്ങളാരംഭിച്ച് ചെൽസി


മാഞ്ചസ്റ്റർ സിറ്റിയുടെ യുവപ്രതിരോധനിരതാരം നതാൻ ആകെയെ തിരിച്ചെത്തിക്കാൻ ചെൽസി ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. ഈ ട്രാൻഫർ ജാലകത്തിലെ തങ്ങളുടെ പ്രധാനലക്ഷ്യമായ യുവന്റസ് താരം ഡി ലൈറ്റ് ബയേണിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്നത് മുന്നിൽ കണ്ടാണ് ആകെക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ചെൽസി ശക്തിപ്പെടുന്നത്.
2011ൽ ചെൽസി അക്കാഡമിയിലേക്ക് ചേക്കേറിയ ആകെ 2017 വരെ ക്ലബ്ബിൽ തുടർന്നു. ഇതിനിടെ നിരവധി ക്ലബ്ബുകളിൽ ലോണിലും താരം കളിക്കുകയുണ്ടായി. ചെൽസിക്ക് വേണ്ടി ആകെ 17 മത്സരങ്ങൾ കളിച്ച താരം യൂറോപ്പ കിരീടവും ലീഗ് കപ്പ് കിരീടവും ചെൽസിക്കൊപ്പം നേടി.
പിന്നീട് ബേൺമൗത്തിലേക്ക് ചേക്കേറിയ താരത്തെ 2020ൽ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ പെപ് ഗ്വാർഡിയോളക്ക് കീഴിൽ 17 മത്സരങ്ങൾ മാത്രമാണ് ആകെ കളിച്ചത്.
താരത്തെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങിയെങ്കിലും ആകെയെ വിൽക്കാനുള്ള പദ്ധതിയില്ലെന്നാണ് സിറ്റി ചെൽസിക്ക് മുന്നറിയിപ്പു നൽകുന്നത്. എന്നിരുന്നാലും ലോകകപ്പിനുള്ള ഡച്ച് ടീമിൽ ഇടം നേടാൻ കളിക്കളത്തിൽ കൂടുതൽ മത്സരസമയം കണ്ടെത്താൻ ശ്രമിക്കുന്ന ആകെ ഈ ട്രാൻഫറിനായി സിറ്റിക്കുമേൽ സമ്മർദം ചെലുത്തിയേക്കും.
ചെൽസിയിൽ നിന്നും അന്റോണിയോ റുഡിഗർ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൺ എന്നിവർ ക്ലബ്ബ് വിട്ടതോടെ പകരക്കാർക്കായുള്ള ശ്രമങ്ങൾ പരിശീലകൻ തോമസ് ടൂഷേൽ ശക്തമാക്കിയിരിക്കുകയാണ്. യുവന്റസ് താരം ഡി ലൈറ്റിനു പുറമേ സെവിയ്യ താരം ജൂൾസ് കൂണ്ടേയിലും ചെൽസി താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ താരം ചെൽസിയിലേക്ക് ചെക്കേറുന്നതിനു അടുത്തെത്തിയിരുന്നുവെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഏകെയെ കൂടാതെ മറ്റൊരു സിറ്റി താരമായ റഹീം സ്റ്റെർലിംഗിന്റെ ട്രാൻസ്ഫറും പ്രീസീസൺ മത്സരങ്ങൾക്ക് മുന്നോടിയായി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ചെൽസിയുള്ളത്.