ലുക്കാക്കുവിന്റെ പാളിപ്പോയ ഗോളാഘോഷത്തെ കളിയാക്കി ദ്രോഗ്ബ, ആ ഗോളാഘോഷം ഇനിയുണ്ടാകില്ലെന്ന് ബെൽജിയൻ താരം


ആസ്റ്റൺ വില്ലക്കെതിരെ നടന്ന കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ആദ്യഗോൾ നേടിയതിനു ശേഷം താൻ നടത്തിയ ഗോളാഘോഷം ഇനിയുണ്ടാകില്ലെന്ന് ചെൽസി സ്ട്രൈക്കർ റൊമേലു ലുക്കാക്കു. മത്സരത്തിൽ രണ്ടു തവണ വല കുലുക്കിയ നേടിയ താരം ആദ്യഗോൾ നേടിയതിനു ശേഷം മുട്ടുകാലിൽ ഉരസി നീങ്ങിയുള്ള ഗോളാഘോഷം നടത്താൻ ശ്രമിച്ചെങ്കിലും അതു പരാജയപ്പെട്ടതിനെ തുടർന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടിലാണ് സ്റ്റാഫോം ബ്രിഡ്ജിലെ തന്റെ തിരിച്ചുവരവിൽ ലുക്കാക്കു ഗോൾ നേടിയത്. ഇതിനു ശേഷം മൈതാനത്തിന്റെ മൂലയിലേക്ക് ഗോളാഘോഷിക്കാൻ ഓടിയ താരം മുട്ടുകാലിൽ ഉരസി നീങ്ങാൻ ശ്രമിച്ചെങ്കിലും അതിൽ പരാജയപ്പെട്ട് നിലത്തു വീണു. ചിലപ്പോഴൊക്കെ അപകടം സൃഷ്ടിക്കുന്ന ഗോളാഘോഷം ആയതു കൊണ്ടു തന്നെ പിന്നാലെ വന്ന സഹതാരം അലോൺസോ താരത്തിന്റെ മുട്ടുകാൽ പരിശോധിക്കുന്നതും കാണാമായിരുന്നു.
ചെൽസി ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ ഈ ഗോൾ വീഡിയോ ഇട്ടതിനു പിന്നാലെ ക്ലബിന്റെ ഇതിഹാസം ദ്രോഗ്ബ ലുക്കാക്കുവിനെ കളിയാക്കുകയും ചെയ്തു. 'ലുക്കാക്കുവിന് പുതിയൊരു മുട്ടുകാൽ നൽകുമോ ഡോക്ടർ ഡേവിഡ്', 'ലുക്കാക്കുവിന്റെ മുട്ടുകാൽ പരിശോധിച്ചതിനു നന്ദി അലോൺസോ' എന്നീ കമന്റുകളാണ് ദ്രോഗ്ബ കുറിച്ചത്. സമാനമായ ഗോളാഘോഷം സ്ഥിരമായി നടത്തിയിരുന്ന താരം കൂടിയായിരുന്നു ദ്രോഗ്ബ.
മത്സരത്തിനു പിന്നാലെ കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് ഇനി ഗോളാഘോഷം അങ്ങിനെ നടത്തില്ലെന്ന് റൊമേലു ലുക്കാക്കു വ്യക്തമാക്കിയത്. "ഇന്നലത്തെതിനു ശേഷം മുട്ടുകാലിൽ ഉരസി നീങ്ങിയുള്ള ഗോളാഘോഷം ഇനിയില്ല." താരം കുറിച്ചു. ആ തരത്തിൽ ഗോളാഘോഷിക്കുന്നത് മുട്ടിനു ഗുരുതര പരിക്കു വരുത്താൻ സാധ്യതയുണ്ടെന്നതു കൊണ്ടാണ് ലുക്കാക്കുവിന്റെ തീരുമാനം എന്നാണു കരുതേണ്ടത്.
No more sliding on my knees after yesterday’s celebration…
— R.Lukaku Bolingoli9 (@RomeluLukaku9) September 12, 2021
ബെൽജിയൻ ടീമിൽ ലുക്കാക്കുവിന്റെ സഹതാരവും മുൻപ് ചെൽസിയുടെ പ്രധാന താരമായിരുന്ന ഈഡൻ ഹസാർഡും സമാനമായ തീരുമാനം മുൻപ് എടുത്തിരുന്നു. 2018ലാണ് പരിക്കിന്റെ പ്രശ്നങ്ങൾ വരുമെന്നതു കൊണ്ട് ചെൽസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഈ ഗോളാഘോഷം നിർത്തുകയാണെന്ന് ഹസാർഡ് പ്രഖ്യാപിച്ചത്.