Football in Malayalam

19 വര്‍ഷം കൈയിലേന്തിയ ചെങ്കോല്‍ മടക്കി നല്‍കി റോമന്‍ അബ്രമോവിച്ച് മടങ്ങുന്നു

Haroon Rasheed
Roman Abramovich era at Chelsea is nearing its end
Roman Abramovich era at Chelsea is nearing its end / Marc Atkins/GettyImages
facebooktwitterreddit

19 വര്‍ഷം കൈയിലേന്തിയ കിരീടവും ചെങ്കോലും മടക്കി നല്‍കി റഷ്യന്‍ ശതകോടീശ്വരനായ റോമന്‍ അബ്രമോവിച്ച് ചെല്‍സിയുടെ പടിയിറങ്ങുകയാണ്. റഷ്യയുടെ ഉക്രൈന്‍ അധിനിവേഷം ഏതെല്ലാം രീതിയില്‍ ലോകത്തെ ഓരോരുത്തരേയും ബാധിക്കുമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് എല്ലാമുണ്ടായിട്ടും സ്വന്തം നിയന്ത്രണത്തിലായിരുന്ന ചെല്‍സിയെ വില്‍ക്കാനുള്ള അബ്രമോവിച്ചിന്റെ തീരുമാനം. റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്റെ അടുപ്പക്കാരനും രാഷ്ട്രീയക്കാരനുമായി അബ്രമോവിച്ച് ഇംഗ്ലണ്ടില്‍ നില്‍ക്കുന്നത് ഒരിക്കലും ഭൂഷണമല്ലെന്ന് ഉക്രൈന്‍ അധിനിവേശത്തിന്റെ ആദ്യ നാളില്‍ തന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

റഷ്യയുടെ ഉക്രൈൻ അധിനിവേശം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്ക്, ചെൽസിയുടെ നിയന്ത്രണം കൈമാറുമെന്ന് വെളിപ്പെടുത്തിയ റോമന്‍ ഇന്നലെയാണ് ക്ലബ് വില്‍ക്കുകയാണെന്ന് തീരുമാനിച്ചത്. റഷ്യക്കെതിരേയുള്ള ഉപരോധം കടുപ്പിക്കുന്ന യൂറോപ്പില്‍ ഒരിക്കലും തുടരാന്‍ കഴിയില്ലെന്ന തിരിച്ചറിവുണ്ടായതോടെയാകാം എല്ലാം ഉപേക്ഷിച്ച് റോമന്‍ മടങ്ങുന്നത്. ചെല്‍സിക്ക് പുറമെ ഇംഗ്ലണ്ടില്‍ റോമന്റെ ഉടമസ്ഥതയിലുള്ള മില്യന്‍ ഡോളറിന്റെ ആസ്തിയുള്ള രണ്ട് സംരഭങ്ങള്‍ കൂടിയുണ്ട്. ബ്രിട്ടണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മില്‍ഹൗസ് കാപിറ്റല്‍, എവര്‍സ് എന്ന പേരുകളിലുള്ള കമ്പനികൾക്ക് ബ്രീട്ടീഷ് ഭരണകൂടം താഴിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. യുകെയിൽ തനിക്കുള്ള വസ്തുവകകൾ ഇതിനോടകം തന്നെ അബ്രമോവിച്ച് വിൽപ്പനക്ക് വെച്ചിട്ടുണ്ട്. അതിനാല്‍ കിട്ടിയ വിലക്ക് അവ വിറ്റ് രക്ഷപ്പെടാനാണ് റോമന്റെ നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റഷ്യ, പോര്‍ച്ചുഗല്‍, ഇസ്രയേല്‍ പൗരത്വമുള്ള റോമന്‍ 2003ലാണ് ചെല്‍സിയെ വാങ്ങുന്നത്. വാങ്ങുമ്പോള്‍ വന്‍ നഷ്ടത്തിലോടിയിരുന്ന ചെല്‍സിയെ പതിയെ പതിയെ സാമ്പത്തികമായി കരകയറ്റിയ റോമന്‍ യൂറോപ്പിലെ പ്രധാന ടീമുകളില്‍ ഒന്നാക്കി മാറ്റി. 2005 ജൂണില്‍ 140 മില്യന്‍ പൗണ്ടിന്റെ നഷ്ടത്തിലോടിയിരുന്ന ചെല്‍സിയുടെ നഷ്ടം 2010ല്‍ 80.2 മില്യന്‍ പൗണ്ടാക്കി കുറച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ചെല്‍സിയുടെ നഷ്ടക്കണക്കുകള്‍ മാറ്റിക്കൊണ്ടുവരാന്‍ റോമന് കഴിഞ്ഞു.

ചെല്‍സിയെ വലിയ സാമ്പത്തിക സ്രോതസ്സാക്കാന്‍ റോമന് കഴിഞ്ഞില്ലെങ്കിലും നഷ്ടത്തിന്റെ പടുകുഴിയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് ചുക്കാന്‍ പിടിച്ചയാളാണ് ഇപ്പോള്‍ പടിയിറങ്ങുന്നത്. ചെല്‍സി ക്ലബിന്റെ ഏറ്റവും താഴെയുള്ള ജീവനക്കാരനെ വരെ നിയമിക്കുന്നതില്‍ റോമന്റെ കണ്ണുള്ളത് കൊണ്ടായിരുന്നു നഷ്ടമില്ലാതെ ചെല്‍സിയെ ഇതുവരെ എത്തിച്ചത്. റോമന് കീഴില്‍ 21 പ്രധാന കിരീടങ്ങളാണ് ചെല്‍സി നേടിയിട്ടുള്ളത്. ഒരു സൂപ്പര്‍ കപ്പ്, ഒരു ക്ലബ് ലോകകപ്പ്, രണ്ട് യൂറോപ്പ ലീഗ്, രണ്ട് ചാംപ്യന്‍സ് ലീഗ്, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ്, മൂന്ന് ഇ.എഫ്.എല്‍ കപ്പ്, അഞ്ച് എഫ്.എ കപ്പ്, അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ എന്നിവയാണ് ചെല്‍സി നേടിയിട്ടുള്ളത്.

ചെല്‍സി വിറ്റ് കിട്ടുന്ന തുക ഉക്രൈനിയെ ദുരിത ബാധിതര്‍ക്ക് നല്‍കാനുള്ള നിര്‍ദേശവും റോമന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. മുഖം രക്ഷിക്കാനുള്ള അവസാന അടവാണിതെന്നും, ഒരുപക്ഷെ കലാപകലുഷിതമായ അന്തരീക്ഷം മാറിയാല്‍ തിരിച്ചുവന്ന് ഒരുകൈ നോക്കാമെന്ന തന്ത്രപ്രധാനമായ നീക്കവും ഇതിന് പിന്നില്‍ ഇല്ലാതിരിക്കില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മൂന്ന് വിവാഹം കഴിച്ച 55കാരനായ റോമന്‍ ഏഴ് മക്കളുടെ പിതാവും കൂടിയാണ്. കാര്യങ്ങള്‍ ഇതുപോലെ നീങ്ങുകയാണെങ്കില്‍ യൂറോപ്പിലുടനീളമുള്ള റോമന്റെ ബിസിനസിനെ അത് കാര്യമായി ബാധിക്കും. അതിനാല്‍ വളരെ ശ്രദ്ധിച്ചായിരിക്കും അദ്ദേഹത്തെ ഇനിയുള്ള ഓരോ നീക്കങ്ങളും.


facebooktwitterreddit