ഫ്രാങ്കീ ഡി ജോങിനായി 40 മില്യൺ യൂറോ ഓഫർ ചെയ്ത് ചെൽസി, രണ്ടു ക്ലബുകൾ കൂടി താരത്തെ ലക്ഷ്യമിടുന്നു


ബാഴ്സലോണ താരമായ ഫ്രാങ്കീ ഡി ജോങിന്റെ ക്ലബിലെ ഭാവി അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഡി ജോംഗ് ക്ലബിൽ തന്നെ തുടരുമെന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും കളിക്കളത്തിൽ താരം നടത്തുന്ന പ്രകടനം പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. റയൽ മാഡ്രിഡിനെതിരെ നടന്ന കോപ്പ ഡെൽ റേ സെമി ഫൈനലിൽ സാവി താരത്തെ നേരത്തെ പിൻവലിച്ചതിനു ശേഷം ഫ്രാങ്കീയെ ചുറ്റിപ്പറ്റിയുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങളും ശക്തമാവുകയാണ്.
ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡച്ച് താരത്തിനായി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയാണ്. 40 മില്യൺ യൂറോയാണ് ഡി ജോങിനായി ചെൽസി വാഗ്ദാനം ചെയ്തത്. മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക് എന്നീ ക്ളബുകൾക്കും ഡി ജോങിൽ താൽപര്യമുണ്ടെനും അതെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Chelsea 'make an opening bid of £33m for Frenkie de Jong' with Barcelona open to selling the struggling Dutchman https://t.co/szE73sv325 pic.twitter.com/eRnZoEKAg2
— MailOnline Sport (@MailSport) January 15, 2022
എന്നാൽ ഡി ജോങിനെ വിൽക്കാനുള്ള താൽപര്യമുണ്ടെങ്കിൽ പോലും ചെൽസിയുടെ വാഗ്ദാനം ബാഴ്സലോണ നിരസിക്കാനാണ് സാധ്യത. ബാഴ്സലോണ തങ്ങളുടെ സ്ക്വാഡിൽ ഏറ്റവും മൂല്യം കൽപ്പിക്കുന്ന താരങ്ങളിൽ ഒരാളാണ് ഡി ജോങ്. 75 മില്യൺ യൂറോ മുടക്കി അയാക്സിൽ നിന്നും സ്വന്തമാക്കിയ താരത്തെ ചെൽസി വാഗ്ദാനം ചെയ്ത തുകക്ക് നൽകാൻ ബാഴ്സലോണ ഒരിക്കലും തയ്യാറാവില്ല.
ഡി ജോങിനെ ബാഴ്സലോണ വിൽക്കാനുള്ള സാധ്യത മുഴുവനായി തള്ളിക്കളയാൻ കഴിയില്ലെന്ന സൂചനകളുമുണ്ട്. അടുത്ത സമ്മറിൽ എർലിങ് ഹാലൻഡിനെ സ്വന്തമാക്കാനുള്ള ഫണ്ട് സ്വരൂപിക്കാൻ നിലവിലുള്ള താരങ്ങളെ ഒഴിവാക്കേണ്ടതും വേതനവ്യവസ്ഥകൾ ക്രമീകരിക്കേണ്ടതും ക്ലബിന് അനിവാര്യമാണ്. ഈ സീസണിൽ താരം നടത്തുന്ന പ്രകടനം വിലയിരുത്തിയാവും ബാഴ്സലോണ അക്കാര്യത്തിൽ തീരുമാനമെടുക്കുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.