Football in Malayalam

സാവിയുടെ കീഴിൽ അവസരം കിട്ടാൻ ബുദ്ധിമുട്ടുന്ന ബാഴ്‌സലോണ താരത്തിനായി 36 മില്യൺ യൂറോ മുടക്കാൻ തയ്യാറായി ചെൽസി

Sreejith N
FC Barcelona v Valencia - La Liga Santander
FC Barcelona v Valencia - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

സാവി പരിശീലകനായി എത്തിയതിനു ശേഷം ബാഴ്‌സലോണയിൽ അവസരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുന്ന ഫുൾ ബാക്കായ സെർജിനോ ഡെസ്റ്റിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയും രംഗത്ത്. അമേരിക്കൻ താരത്തിനായി മുപ്പത്തിയാറു മില്യൺ യൂറോ ജനുവരിയിൽ മുടക്കാൻ ചെൽസി തയ്യാറാണെന്ന് ഇംഗ്ലീഷ് മാധ്യമമായ എക്സ്പ്രെസ്സിനെ അടിസ്ഥാനമാക്കി മാർക്ക റിപ്പോർട്ടു ചെയ്‌തു.

ബെൻ ചിൽവെല്ലിനു പരിക്കേറ്റു നിരവധി മാസങ്ങൾ നഷ്‌ടപ്പെടും എന്നതും മാർക്കോസ് അലോൺസോയുടെ കരാർ ഈ സീസൺ കഴിയുന്നതോടെ അവസാനിക്കും എന്നതുമാണ് പുതിയ ഫുൾ ബാക്കിനെ ടീമിലെത്തിക്കാൻ ചെൽസിയെ പ്രേരിപ്പിക്കുന്നത്. സെർജിനോ ഡെസ്റ്റിന്റെ യഥാർത്ഥ പൊസിഷൻ റൈറ്റ് ബാക്കാണെങ്കിലും താരത്തിന് ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിയുമെന്നതാണ് ചെൽസിയെ ആകർഷിക്കുന്നത്.

അയാക്‌സിൽ നിന്നും 2020 ഒക്ടോബറിലാണ് ഡെസ്റ്റ് ബാഴ്‌സയിൽ എത്തുന്നത്. അതിനു ശേഷം അൻപത്തിയേഴു മത്സരങ്ങൾ കാറ്റലൻ ക്ലബിനായി താരം കളിച്ചു. എന്നാൽ സാവി പരിശീലകനായി എത്തിയതിനു ശേഷം ടീമിലിടം നേടാൻ ഡെസ്റ്റ് ബുദ്ധിമുട്ടുകയാണ്. കൂടുതൽ മത്സരങ്ങളിലും ബാക്ക് ത്രീയിലേക്ക് ഷിഫ്റ്റ് ചെയ്‌തു ടീമിനെ കലിപ്പിക്കുന്ന സാവി ആവശ്യമെങ്കിൽ റൈറ്റ് ബാക്കായി അറഹോയെയാണിപ്പോൾ കൂടുതൽ ഉപയോഗിക്കുന്നത്.

അതേസമയം ഡെസ്റ്റിനായി ചെൽസി മാത്രമല്ല രംഗത്തുള്ളത്. ജർമൻ ക്ലബായ ബയേൺ മ്യൂണിക്കും താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. സാവിയുടെ പദ്ധതികളിൽ ഇടമില്ലെങ്കിൽ നല്ലൊരു ട്രാൻസ്‌ഫർ ഫീസ് ലഭിച്ചാൽ ജനുവരിയിൽ ഡെസ്റ്റിനെ വിൽക്കുന്ന കാര്യം ബാഴ്‌സ പരിഗണിച്ചേക്കും. ജനുവരിയിൽ കാറ്റലൻ ക്ലബിന് പുതിയ താരങ്ങളെ സ്വന്തമാക്കാൻ അതു കൂടിയേ തീരൂ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit