ബാഴ്സലോണ യുവതാരം ഗവിയെ റാഞ്ചാനൊരുങ്ങി ചെല്‍സി

ബാഴ്സലോണയുടെ യുവതാരം ഗവിയെ ടീമിലെത്തിക്കാനൊരുങ്ങി ചാംപ്യന്‍സ് ലീഗ് ചാംപ്യന്മാരായ ചെല്‍സി രംഗത്ത്. റിലീസ് ക്ലോസായ 50 മില്യന്‍ യൂറോ നല്‍കിയാണ് ചെല്‍സി താരത്തിനായി ശ്രമം നടത്തുന്നത്. 17 കാരനായ താരം മികച്ച പ്രകടനത്തിലൂടെയായിരുന്നു സീസണില്‍ ബാഴ്സലോണയുടെ സീനിയര്‍ ടീമില്‍ ഇടം നേടിയത്.
ബാഴ്സലോണയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചതോടെ സ്പാനിഷ് ദേശീയ ടീമില്‍ കളിക്കാനും ഗവിക്ക് അവസരം ലഭിച്ചിരുന്നു. പിന്നീട് സ്പാനിഷ് ദേശീയ ടീമില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനും ഗവിക്ക് കഴിഞ്ഞിരുന്നു. 2023 വരെ കരാറുള്ള ഗവിക്ക് ദീര്‍ഘ കാലത്തേക്കുള്ള കരാര്‍ നല്‍കാനും ബാഴ്സലോണ പദ്ധതിയിടുന്നുണ്ട്. നിലവില്‍ 50 മില്യന്‍ റിലീസ് ക്ലോസുള്ള താരത്തിനായി ചെല്‍സി ശക്തമായ ശ്രമമാണ് നടത്തുന്നത്.
ചെല്‍സി ക്ലബ് ഉടമ റോമന്‍ അബ്രമോവിച്ച് ഗവിയെ ടീമിലെത്തിക്കുന്നതിന് സമ്മതം മൂളിയിട്ടുണ്ടെന്ന് സ്പോട് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും ഗവിക്ക് പുതിയ കരാര്‍ നല്കി ബാഴ്സലോണില്‍ തന്നെ നിലനിര്‍ത്താനാണ് കാറ്റാലന്‍ ക്ലബിന്റെ തീരുമാനം. 2026 വരെയുള്ള കരാര്‍ നല്‍കാനാണ് ബാഴ്സോലണ പദ്ധതിയിടുന്നത്.
നേരത്തെ പെഡ്രിക്കും അന്‍സു ഫാത്തിക്കും നല്‍കിയത് പോലുള്ള ഒരു ബില്യന്‍ റിലീസ് ക്ലോസും ഗവിക്കായി നല്‍കാനും ബാഴ്സലോണക്ക് തീരുമാനമുണ്ട്. ബാഴ്സലോണയും പുതിയ പരിശീലകന് സാവിയും ഗവിയില്‍ മികച്ച വിശ്വാസംവെച്ച് പുലര്‍ത്തുന്നതിനാല്‍ ബാഴ്സലോണ താരത്തെ നിലനിര്‍ത്തനാണ് സാധ്യത. മധ്യനിര താരം ഫ്രാങ്കി ഡി യോങിനെ വിറ്റ് കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി ബാഴ്സലോണ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.