Football in Malayalam

പൗളോ ഡിബാലയെ റാഞ്ചാൻ തയ്യാറെടുത്ത് ചെൽസി; പകരം നൽകാൻ ക്ലബ്ബ് പരിഗണിക്കുന്നത് 3 കളിക്കാരെ

Gokul Manthara
AC Milan v Juventus - Serie A
AC Milan v Juventus - Serie A / Alessandro Sabattini/Getty Images
facebooktwitterreddit

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം പൗളോ ഡിബാലയെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിക്ക് പദ്ധതികളുണ്ടെന്ന വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. സമ്മറിൽ ഡിബാലയെ തങ്ങളുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായി കാണുന്ന ചെൽസി ഇതിനായി തങ്ങളുടെ 3 സൂപ്പർ താരങ്ങളിൽ ഒരാളെ വിട്ടു നൽകാനും തയ്യാറാണെന്നാണ് കാൽസിയോ മെർക്കാടോ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

ഡിബാലയെ ടീമിലെത്തിച്ച് വരും സീസണിൽ തങ്ങളുടെ മുന്നേറ്റ നിര കരുത്തുറ്റതാക്കാൻ ലക്ഷ്യമിടുന്ന നീലപ്പട, ഈ നീക്കത്തിന്റെ ഭാഗമായി ജോർജീഞ്ഞോ, ക്രിസ്റ്റ്യൻ പുലിസിച്ച്, ടിമോ വെർണർ എന്നിവരിൽ ഒരാളെ യുവന്റസിന് വിട്ടു നൽകാൻ തയ്യാറാണെന്നാണ് ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ജോർജീഞ്ഞോ മുൻപ് യുവന്റസിന്റെ റഡാറിലുണ്ടായിരുന്ന താരമാണ്. മൗറീസിയോ സാരി യുവന്റസിന്റെ പരിശീലകനായിരുന്ന സമയം ജോർജീഞ്ഞോ ഇറ്റാലിയൻ ക്ലബ്ബിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

കഴിഞ്ഞ സമ്മറിൽ ആർബി ലെപ്സിഗിൽ നിന്ന് ചെൽസിയിലെത്തിയ വെർണറാകട്ടെ ക്ലബ്ബിൽ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയർന്നില്ല. പോയ സീസണിൽ മികച്ച ഫോമിൽ കളി തുടങ്ങിയ പുലിസിച്ചാവട്ടെ പരിക്കുകളെത്തുടർന്ന് പലപ്പോളും കളത്തിന് പുറത്തുമാണ്.

അതേ സമയം അടുത്ത സീസണോടെ യുവന്റസുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന ഡിബാലയെ സ്വന്തമാക്കാൻ ചെൽസിക്ക് പുറമേ ടോട്ടൻഹാം ഹോട്സ്പറിനും താല്പര്യമുണ്ടെന്നാണ് സൂചനകൾ. എ‌ന്നാൽ ഇതിൽ ചെൽസിയിലേക്ക് താരം ചേക്കേറാനാണ് കൂടുതൽ സാധ്യതകളെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിൽ പരിക്കിനെത്തുടർന്ന് കളിക്കളത്തിന് പുറത്തിരിക്കുന്ന ഡിബാല ഈ സീസണിൽ യുവന്റസിനായി 16 മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. ഇതിൽ 3 ഗോളുകൾ നേടിയ താരം 2 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

facebooktwitterreddit