ഹകിം സിയെച്ചിനെ കൈവിടാനൊരുങ്ങി ചെൽസി, വലവിരിച്ച് എസി മിലാൻ
By Vaisakh. M

മുന്നേറ്റതാരം ഹക്കിം സിയെച്ചിനെ ഈ സമ്മർ ട്രാൻഫറിൽ ക്ലബ്ബ് വിടാൻ ചെൽസി അനുവദിക്കുമെന്നും, താരത്തിൽ താത്പര്യം പ്രകടിപ്പിച്ച് ഇറ്റാലിയൻ വമ്പന്മാരായ എസി മിലാൻ രംഗത്തുണ്ടെന്നും 90min മനസിലാക്കുന്നു.
2020ൽ 33 മില്യൺ പൗണ്ടിനടുത്ത ട്രാൻസ്ഫർ ഫീ നൽകി ചെൽസി സിയെച്ചിനെ സ്വന്തമാക്കിയത്. എന്നാൽ അയാക്സിൽ പുറത്തെടുത്ത മിന്നും പ്രകടനം ചെൽസിയിൽ തുടരാൻ താരത്തിനു സാധിക്കാതെ പോവുകയായിരുന്നു. ചെൽസിക്കായി ഇതുവരെ 83 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരത്തിനു ആകെ 14 ഗോളുകൾ മാത്രമാണ് നേടാനായത്.
ചെൽസിയിൽ നിന്നും ഇന്റർ മിലാനിലേക്ക് ചേക്കേറിയ റൊമേലു ലുക്കാക്കുവിന് പിന്നാലെ ഹക്കിം സിയെച്ചിനെയും മറ്റൊരു മുന്നേറ്റതാരമായ ടിമോ വെർണറിനെയും ചെൽസി കൈവിടാനൊരുങ്ങുകയാണെന്നാണ് 90min ഇതിവൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. ഈ സമ്മർ ട്രാൻസ്ഫറിൽ ചെൽസിയുടെ മറ്റൊരു സൂപ്പർതാരമായ ക്രിസ്ത്യൻ പുലിസിച്ചിന്റെയും നിലനിൽപ് അനിശ്ചിതത്വത്തിൽ തുടരുകയാണ്.
ചെൽസി വിടാൻ ഹാക്കിം സിയെച്ചിന്റെ പ്രതിനിധികളും ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്. താരത്തിൽ താത്പര്യം പ്രകടിപ്പിച്ച ക്ലബുകളുടെ കൂട്ടത്തിൽ എസി മിലാനുമുണ്ട്.
അതേ സമയം, ചെൽസി പരിശീലകൻ തോമസ് ട്യൂഷൽ അക്രമണനിരയിലേക്ക് ഒന്നിലധികം താരങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബാഴ്സയിൽ നിന്നും ഉസ്മാൻ ഡെംമ്പലെ, മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിംഗ്, എവെർട്ടൻ സ്ട്രൈക്കർ റിചാർളിസൺ എന്നിവരും ചെൽസിയുടെ റഡാറിലുണ്ട്. അയാക്സിന്റെ ബ്രസീലിയൻ വിംഗർ ആന്റണിയുടെ പ്രതിനിധികളുമായും ചെൽസി ചർച്ച നടത്തിയിട്ടുണ്ട്.