Football in Malayalam

വമ്പൻതുകക്ക് പി എസ് ജി താരത്തെ ടീമിലെത്തിക്കാൻ ചെൽസി ഇക്കുറി ശ്രമിച്ചിരുന്നു, നീക്കം പാളിയത് ഇക്കാരണത്താൽ...

By Gokul Manthara
Paris Saint-Germain v Manchester City  - UEFA Champions League Semi Final: Leg One
Paris Saint-Germain v Manchester City - UEFA Champions League Semi Final: Leg One / Alex Grimm/Getty Images
facebooktwitterreddit

ഇക്കഴിഞ്ഞ വേനൽക്കാല ‌ട്രാൻസ്ഫർ ജാലകത്തിൽ പി എസ് ജിയുടെ ബ്രസീലിയൻ സൂപ്പർ താരം മാർക്വീഞ്ഞോസിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ ഫ്രഞ്ച് ക്ലബ്ബിന് താരത്തെ വിൽക്കാൻ താല്പര്യമില്ലാതിരുന്നതിനാൽ ചെൽസിയുടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ. ഈ സീസണിൽ ചെൽസിയുടെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശീലകൻ തോമസ് ടുഷലിന്റെ താല്പര്യപ്രകാരമാണ് സെന്റർബാക്ക് താരമായ മാർക്വീഞ്ഞോസിനെ ചെൽസി നോട്ടമിട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

മുൻ പി എസ് ജി പരിശീലകൻ കൂടിയായ ടുഷൽ, തിയാഗോ സിൽവക്കൊപ്പം മാർക്വീഞ്ഞോസിനെ ചെൽസി പ്രതിരോധത്തിൽ കളിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്ന ഫ്രഞ്ച് മാധ്യമം ആർ എം സി സ്പോർട്ട്, താരത്തിനായി 86 മില്ല്യൺ പൗണ്ടെന്ന വമ്പൻ തുക ചെൽസി വാഗ്ദാനം ചെയ്തതായും പറയുന്നു. എന്നാൽ ഇത്ര വലിയ ഓഫർ ചെൽസി മുന്നോട്ടു വെച്ചിട്ടും ബ്രസീൽ താരത്തെ വിൽക്കാൻ താല്പര്യമില്ലാതിരുന്ന പി എസ് ജി, ഈ നീക്കത്തിനോട് നോ പറയുകയായിരുന്നു.

നിലവിൽ ചെൽസി പ്രതിരോധത്തിന്റെ നട്ടെല്ലുകളിൽ ഒരാളായ തിയാഗോ സിൽവ പി എസ് ജിയിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ സെന്റർ ബാക്ക് ജോഡിയായിരുന്നു മാർക്വീഞ്ഞോസ്. ഇരുവരും തമ്മിലുള്ള ഒത്തൊരുമയും പരസ്പരധാരണയും പി എസ് ജി പ്രതിരോധത്തെ അക്കാലത്ത് അതി ശക്തമാക്കി നിർത്തിയിരുന്നു. ഈ കൂട്ടുകെട്ട് അതേ പടി ചെൽസിയിലേക്ക് കൊണ്ടു വരുന്നതിനായിരുന്നു ടുഷൽ ശ്രമിച്ചതും, അവസാനം താരത്തിനായുള്ള നീക്കത്തിൽ പരാജയപ്പെട്ടതും. മാർക്വീഞ്ഞോസിനായുള്ള ചെൽസിയുടെ നീക്കത്തെ പി‌ എസ് ജി എതിർത്തതിനൊപ്പം താരവും ഫ്രഞ്ച് ക്ലബ്ബിൽ തുടരാനായിരുന്നു ആഗ്രഹിച്ചതെന്നാണ് ആർ എം സി സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്.

അതേ സമയം 2013 ൽ തന്റെ പത്തൊൻപതാം വയസിൽ പി എസ് ജിയിലെത്തിയ മാർക്വീഞ്ഞോസ് നിലവിൽ ക്ലബ്ബിന്റെ അവിഭാജ്യ ഘടകമാണ്. തിയാഗോ സിൽവ ക്ലബ്ബ് വിട്ടതിന് പിന്നാലെ പിഎസ്ജിയുടെ നായക സ്ഥാനവും ലഭിച്ച ഈ ഇരുപത്തിയേഴുകാരൻ, മുന്നൂറിലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചിട്ടുണ്ട്. പി എസ് ജിക്കൊപ്പമുള്ള കരിയറിൽ 6 ലീഗ് വൺ കിരീടങ്ങളിലും, 6 ഫ്രഞ്ച് ലീഗ് കപ്പുകളിലും അദ്ദേഹം മുത്തമിട്ടിട്ടുണ്ട്.

facebooktwitterreddit