Football in Malayalam

ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമിനെ വെളിപ്പെടുത്തി ലിവർപൂൾ ഗോൾകീപ്പർ അലിസൺ

Sreejith N
Norwich City v Liverpool - Premier League
Norwich City v Liverpool - Premier League / Shaun Botterill/Getty Images
facebooktwitterreddit

ശനിയാഴ്‌ച നടക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ചെൽസിയെ നേരിടാനിരിക്കെ ഈ സീസണിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത അവർക്കു തന്നെയാണെന്നു വെളിപ്പെടുത്തി ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കർ. തോമസ് ടുഷെൽ കഴിഞ്ഞ സീസണിനിടയിൽ പരിശീലകനായതിനു ശേഷം അസാമാന്യമായ ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ചെൽസി വളരെ കരുത്തുറ്റ ടീമാണെന്നും ചാമ്പ്യൻസ് ലീഗ് വിജയത്തോടെ അവരതു തെളിയിച്ചുവെന്നും അലിസൺ പറഞ്ഞു.

"ചെൽസിയാണ് ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് വിജയം നേടി അവരതു തെളിയിച്ചു കഴിഞ്ഞു. അവരെത്രത്തോളം കരുത്തരാണെന്നു ഞങ്ങൾക്കറിയാം എന്നാൽ എതിരാളികളിലല്ല, സ്വന്തം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നി നൂറു ശതമാനം നൽകി വിജയത്തിനാണ് ഞങ്ങൾ ശ്രമിക്കുക," അലിസൺ സ്കൈ സ്പോർട്സിനോട് പറഞ്ഞു.

കഴിഞ്ഞ സീസണിൽ സ്കോറിങ്ങിലുണ്ടായിരുന്ന പോരായ്‌മകൾ പരിഹരിക്കാൻ ചെൽസി സ്വന്തമാക്കിയ ലുക്കാക്കുവിനെ അലിസൺ പ്രശംസിച്ചു. "വളരെ മികച്ച താരമായ അദ്ദേഹം കൂടി ചേരുമ്പോൾ ചെൽസി കൂടുതൽ കരുത്തരായി മാറും. ലുക്കാക്കു ഇല്ലാതെയാണ് ചാമ്പ്യൻസ് ലീഗ് നേടിയതെന്നത് ചെൽസി എത്രത്തോളം മികച്ച ടീമാണെന്നു വ്യക്തമാക്കുന്നു. താരത്തിന്റെ ഗുണങ്ങളെക്കുറിച്ച് ഞാൻ പറയേണ്ട കാര്യമില്ലല്ലോ," അലിസൺ വ്യക്തമാക്കി.

2019-20 സീസണിൽ വളരെക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ ലിവർപൂൾ കഴിഞ്ഞ സീസണിൽ പക്ഷെ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്‌. വിർജിൽ വാൻ ഡൈക്കടക്കമുള്ള താരങ്ങളുടെ തിരിച്ചുവരവിന്റെ ആത്മവിശ്വാസത്തിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളും ലിവർപൂൾ വിജയിച്ചപ്പോൾ ചെൽസിയും സമാനമായ ഫലം തന്നെ നേടിയാണ് അടുത്ത മത്സരത്തിനിറങ്ങുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit